ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിന്റെ ശരീരത്തിൽ 11 തവണ കുത്തേറ്റെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിന്റെ ശരീരത്തിൽ 11 തവണ കുത്തേറ്റെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുതുകിൽ മാത്രം ആറ് തവണ കുത്തേറ്റെന്നും റിപ്പോർട്ടിലുണ്ട് . വന്ദനയുടെ തലയുടെ പിൻ ഭാഗത്തും ചെവിയുടെ ഭാഗത്തും മൂക്കിലും ഇടതു കൈയിലും കുത്തേറ്റെന്നും റിപ്പോർട്ടിൽ പറയുന്നു.
വന്ദനയെ പ്രതി സന്ദീപ് പിന്തുടർന്ന് കുത്തിയെന്നും ഡ്രസിങ് റൂമിൽ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ചാണ് കുത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് വന്ദനയുടെ തലയ്ക്ക് പ്രതി കുത്തിയത്. കാലിൽ മുറിവ് കെട്ടുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതി വന്ദനയ്ക്ക് നേരെ ആക്രോശിച്ചു. ഒബ്‌സർവേഷൻ റൂമിൽ അതിക്രമിച്ചു കയറിയും പ്രതി ആക്രമണം നടത്തി. വന്ദന അവശയായി വീണപ്പോൾ നിലത്തിട്ട് കുത്തിയെന്നുമാണ് എഫ്.ഐ.ആർ. വന്ദനയുടെ ശരീരത്തിൽ കയറിയിരുന്നാണ് പ്രതി കൃത്യം നടത്തിയതെന്നും എഫ്.ഐ.ആറിലുണ്ട്.