രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും 2000 കടന്ന് പുതിയ കൊവിഡ് കേസുകൾ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടാം ദിവസവും 2000 കടന്നു. ഇതേത്തുടർന്ന് നിയന്ത്രണം കർശനമാക്കാൻ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. കഴിഞ്ഞ 24മണിക്കൂറിനിടെ 2,380പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 56മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,231പേരാണ് രോഗമുക്തി നേടിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 13,433പേരാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
കൊവിഡ് വ്യാപനം വർദ്ധിക്കുന്ന മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങൾക്ക് നിയന്ത്രണം കർശനമാക്കാൻ കേന്ദ്രം നിർദേശം നൽകി. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത്. 1009 പുതിയ കേസുകളാണ് കഴിഞ്ഞ 24മണിക്കൂറിനിടെ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്.
2067 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.53ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.43ശതമാനവുമാണ്. കഴിഞ്ഞ 24മണിക്കൂറിനിടെ നാലരലക്ഷം ടെസ്റ്റുകളാണ് നടത്തിയത്.