LATEST
രണ്ടര മാസം മുൻപു വരെ കൂലിപ്പണി; കുമാറിന്റെ വളർച്ച ഞൊടിയിടയിൽ
തൊടുപുഴ ∙ രണ്ടര മാസം മുൻപു വരെ കൂലിപ്പണി, പഠിച്ചത് 9ാം ക്ലാസ് വരെ മാത്രം, സാമ്പത്തികം ഇല്ലാത്തതിനാൽ പഠനം പാതിവഴിക്കു നിർത്തി. പിന്നെ കൂലിപ്പണി ചെയ്ത് ജീവിതം. പൊലീസ് കസ്റ്റഡിയിൽ മരിച്ച വാഗമൺ കോലാഹലമേട് സ്വദേശി കുമാറിന്റെ ആദ്യകാല ജീവിത ചിത്രമിതാണ്. തോട്ടം തൊഴിലാളികളായ പരേതനായ കുമരേശൻ – കസ്തൂരി ദമ്പതികളുടെ 2 മക്കളിൽ ഇളയ മകൻ . കോലാഹലമേട് എസ്റ്റേറ്റ് ലയത്തിൽ 10 വർഷം മുൻപാണു കുമാറും ഭാര്യ എം. വിജയയും താമസം തുടങ്ങിയത്.
ബോണാമി എസ്റ്റേറ്റിലെ ജോലി ഫാക്ടറി ലോക്കൗട്ട് ചെയ്തതിനെ തുടർന്നു നഷ്ടപ്പെട്ടു. പിന്നെ ജില്ലയ്ക്കകത്തും പുറത്തും കൂലിപ്പണിക്കു പോയി. 2005 ൽ ജോലി ചെയ്യുന്നതിനിടെ മറ്റൊരാൾ ഉപയോഗിച്ച മൺവെട്ടി കാലിൽ തട്ടി കാൽ ഞരമ്പു മുറിഞ്ഞു. സ്വന്തമായി ഓട്ടോ വാങ്ങിയെങ്കിലും ഓടിക്കാൻ കഴിയാത്തതിനാൽ മറ്റൊരാളെ നിയോഗിച്ചു. 2009 ൽ ഓട്ടോ അപകടത്തിൽ ഇടതുകാലിനു ഗുരുതര പരുക്കേറ്റു. കാലിൽ സ്റ്റീൽ കമ്പിയിട്ടു. തുടർന്ന് ചികിത്സയിലായിരുന്നു. ഓട്ടോയും വിറ്റതോടെ കുടുംബം പട്ടിണിയിലായി. കുടുംബം പുലർത്താൻ വീണ്ടും കൂലിപ്പണി. മാർച്ചിൽ നെടുങ്കണ്ടം തൂക്കുപാലം കേന്ദ്രീകരിച്ച് ഹരിത ഫിനാൻസിന്റെ പ്രവർത്തനം ആരംഭിച്ചു.
ഏപ്രിൽ 17 ന് രാവിലെയാണു കുമാർ കോലാഹലമേട്ടിലെ വീട്ടിൽ നിന്നു പുറപ്പെട്ടത്. തുടർന്ന്, വായ്പത്തട്ടിപ്പു കേസിലെ 2ാം പ്രതി ശാലിനിയുമൊത്ത് തൂക്കുപാലത്തിനു സമീപത്തെ വാടകവീട്ടിൽ താമസം തുടങ്ങി. ഇതോടെ ഭാര്യ വിജയ അകന്നു. തട്ടിപ്പു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് കഴിഞ്ഞ മാസം 12 ന് രാത്രിയിലാണു കുമാറിനെ പൊലീസ് എസ്റ്റേറ്റ് ലയത്തിൽ തെളിവെടുപ്പിനായി എത്തിച്ചത്.
പഴയ മൊബൈൽ ഫോണാണു കുമാറിനുണ്ടായിരുന്നത്. ടച്ച് സ്ക്രീൻ ഉള്ള മൊബൈൽ പോലും ഉപയോഗിക്കാൻ അറിയാത്ത കുമാർ എങ്ങനെയാണു കോടികളുടെ തട്ടിപ്പ് നടത്തിയതെന്നു അറിയില്ലെന്നു ഭാര്യ വിജയ പറയുന്നു. കുമാറിന്റെ അമ്മ കസ്തൂരിക്ക് കോട്ടയത്ത് വീട്ടു ജോലിയാണ്. മകന്റെ മരണത്തെ തുടർന്ന് കസ്തൂരി ജോലിക്കു പോയിട്ടില്ല. മൂന്നു മക്കളുണ്ട്.
Comments