തലസ്ഥാനത്ത് 166 ഇലക്ട്രിക് ബസുകള്‍ കൂടി എത്തിക്കും
തലസ്ഥാനത്ത് 166 ഇലക്ട്രിക് ബസുകള്‍ കൂടി എത്തിക്കും. നിലവില്‍ 50 ഇ-ബസുകളാണ് തലസ്ഥാനത്ത് സര്‍വീസ് നടത്തുന്നത്. സംസ്ഥാനത്തെ ആദ്യഹരിതനഗരമായി തിരുവനന്തപുരത്തെ മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏപ്രില്‍ ആദ്യആഴ്ചയോടെ ഇവ സര്‍വീസ് തുടങ്ങും. കോര്‍പ്പറേഷന്‍ പരിധിയിലാണ് ഇ-ബസുകള്‍ സര്‍വീസ് നടത്തുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ 116 ബസുകളും കേന്ദ്രപരിധിയില്‍ 50 ബസുകളുമാണുളളത്. സര്‍ക്കാര്‍ തീരുമാനപ്രകാരം സ്വിഫ്റ്റ് കമ്പനിക്കാകും നടത്തിപ്പ് ചുമതല. പാപ്പനംകോട്, വികാസ് ഭവന്‍, സിറ്റി ഡിപ്പോകളിലാകും ഇ-ബസുകള്‍ എത്തിക്കുക.
പ്രസ്തുത ഡിപ്പോകളില്‍ ബസുകള്‍ ചാര്‍ജ് ചെയ്യുന്നതിനുളള സൗകര്യവും ഒരുക്കും. ഡിപ്പോകളിലെ സര്‍വീസുകള്‍ ഇ-ബസുകള്‍ക്ക് കൈമാറാനും തീരുമാനമായി. സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ ഭാഗമായിട്ടാകും പുതിയ ബസുകള്‍ ഓടിത്തുടങ്ങുക. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ് ഇ-ബസുകള്‍. നീളം കൂടിയ ഡീസല്‍ ബസുകള്‍ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും മലിനീകരണവും ഇ-ബസുകള്‍ വരുന്നതോടെ കുറയ്ക്കാന്‍ സാധിക്കും.
ഡിപ്പോകളില്‍ നിന്ന് മാറ്റുന്ന ബസുകള്‍ സമീപത്തുളള ബസ് സ്റ്റേഷനുകള്‍ക്ക് നല്‍കും. ബസ് എത്തുന്ന ഡിപ്പോകളില്‍ സ്വിഫ്റ്റ് ജീവനക്കാര്‍ മാത്രമായിരിക്കും ഉണ്ടാകുക. എന്നാല്‍ ഇതേ ഡിപ്പോകളില്‍ തന്നെ തുടരാന്‍ താല്‍പ്പര്യമുളള ജീവനക്കാര്‍ക്ക് സ്വിഫ്റ്റിലേക്ക് മാറാനും അവസരം ഉണ്ട്.