താമരശ്ശേരിയിലും ലഹരി വേട്ട. 39 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
താമരശ്ശേരി: കൊടുവള്ളിക്കുപിന്നാലെ താമരശ്ശേരിയിലും വന്‍ ലഹരി വേട്ട. 39 കിലോ കഞ്ചാവുമായി പൂനൂര്‍ വട്ടപ്പൊയില്‍ ചിറക്കല്‍ റിയാദ് ഹൗസില്‍ നഹാസാണ് (37) അറസ്റ്റിലായത്.
വെള്ളിയാഴ്ച വൈകീട്ടോടെ അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടക വീട്ടില്‍നിന്ന് താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫ് തെങ്ങിലക്കണ്ടി, നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി അശ്വകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് സൂക്ഷിക്കാനാണ് വീട് വാടകക്കെടുത്തത്.
ഫെബ്രുവരി 11ന് ലോറിയുമായി ആന്ധ്രയില്‍ പോയ ഇയാള്‍ ഒരാഴ്ച കഴിഞ്ഞു കേരളത്തിലെത്തി മൊത്തവിതരണക്കാര്‍ക്ക് വില്‍പന നടത്തിയതിന്‍റെ ബാക്കി കഞ്ചാവാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. കൂട്ടാളികളെയും ചില്ലറ വില്‍പനക്കാരെയും കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പിടിയിലാവും. നവംബറിനുശേഷം മാത്രം ആറുതവണയായി 300 കിലോയോളം കഞ്ചാവ് കേരളത്തില്‍ എത്തിച്ചതായാണ് പ്രതിയുടെ മൊഴി. കഞ്ചാവ് വില്‍പന നടത്തി കിട്ടുന്ന പണമുപയോഗിച്ച് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ ആര്‍ഭാടജീവിതം നയിക്കുകയാണ് ഇയാളുടെ രീതിയത്രെ.
മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. പെട്ടെന്ന് പണമുണ്ടാക്കാനാണ് മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞത്. മൂന്നുമാസത്തോളം ആന്ധ്രയില്‍ ഹോട്ടല്‍ നടത്തിയിരുന്നു. ഈ പരിചയമാണ് കഞ്ചാവ് ലോബിയുമായി അടുപ്പിച്ചത്. വില്‍പനക്കായി സൂക്ഷിച്ച എട്ടുലക്ഷം രൂപ വിലവരുന്ന 14 കിലോ കഞ്ചാവുമായി കൊടുവള്ളി തലപ്പെരുമണ്ണ പുല്‍പറമ്ബില്‍ ഷബീറിനെ (33) റൂറല്‍ എസ്.പി ഡോ.എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ഇയാളില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് നഹാസിലേക്കെത്തിയത്. തലപ്പെരുമണ്ണയില്‍ ഇയാള്‍ നടത്തുന്ന ടൊമാറ്റോ ഫ്രൂട്ട്സ് ആന്‍ഡ് വെജ് എന്ന സ്ഥാപനത്തില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഈ കഞ്ചാവും ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്ന് എത്തിച്ചതായിരുന്നു.
മൊത്ത വിതരണക്കാര്‍ക്ക് നല്‍കാനായിരുന്നു കഞ്ചാവ് സൂക്ഷിച്ചത്. രണ്ടു പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റി. ക്രൈം സ്‌ക്വാഡ് എസ്.ഐമാരായ രാജീവ്ബാബു, വി.കെ. സുരേഷ്, പി. ബിജു, കെ.പി. രാജീവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി.വി. ഷാജി, അബ്ദുല്‍ റഹീം നെരോത്ത്, താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍, എസ്.ഐമാരായ വി.എസ്. സനൂജ്, അരവിന്ദ് വേണുഗോപാല്‍, എ.എസ്.ഐ ജയപ്രകാശ്, സിവില്‍ പൊലീസ് ഓഫിസര്‍ റഫീഖ്, എസ്.ഒ.ജി അംഗങ്ങളായ ശ്യാം, ഷെറീഫ്, ടി.എസ്. അനീഷ്, മുഹമ്മദ് ഷെഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.