തിക്കോടി എഫ്സിഐ ഗോഡൗണിൽ സംഘർഷം
തിക്കോടി എഫ്സിഐ ഗോഡൗണിനു മുമ്പിൽ പ്രാദേശിക ലോറി തൊഴിലാളി കോഓർഡിനേഷൻ കമ്മിറ്റിക്കാരും കരാറുകാരന്റെ ലോറി തൊഴിലാളികളും തമ്മിൽ സംഘർഷവും കയ്യാങ്കളിയും. 8 പേർക്ക് പരുക്കേറ്റു. പ്രാദേശിക ലോറി തൊഴിലാളികളായ കെ ഇ ശിവദാസൻ, പുത്തൂക്കാട്ട് രമേശൻ, പി ടി ബാബു, പി രവീന്ദ്രൻ എന്നിവർക്കും കരാറുകാരന്റെ ലോറി തൊഴിലാളികളായ മുഹമ്മദ് നിസാർ, മുബാറക്ക്, മുഹമ്മദ് അഫ്സൽ, അബ്ദുൽ ബാസിത് എന്നിവർക്കുമാണ് പരുക്കേറ്റത്.
ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഉച്ചയ്ക്ക് 12ന് ആണ് സംഭവം. കരാറുകാരന്റെ കരാറിൽ പെടാത്ത ലോറികൾ തടയുമെന്ന് പ്രാദേശിക ലോറി തൊഴിലാളി കോഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. കരാറിൽപെട്ട ലോറികളിൽ ചിലത് എഫ്സിഐ കെട്ടിട സമുച്ചയത്തിനകത്ത് പ്രവേശിച്ചിരുന്നു. ഇതിലെ ചിലർ പുറത്തെത്തി സമരക്കാരെ പ്രകോപിപ്പിച്ചതായി പറയുന്നു. തുടർന്നാണ് സംഘർഷവും കയ്യാങ്കളിയും നടന്നത്.
നാട്ടുകാർ ഇടപെട്ട് ഇരുകൂട്ടരെയും പിടിച്ചു മാറ്റി. വിവരമറിഞ്ഞ് പൊലീസ് എത്തി. തുടർന്ന് കരാറുകാരനുമായും കോഓർഡിനേഷൻ കമ്മിറ്റിയുമായും എസ്ഐ അരുൺ മോഹന്റെ നേതൃത്വത്തിൽ പൊലീസ് ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. വൈകിട്ട് മൂന്നോടെ കരാറുകാരന്റെ ലോറി എഫ്സിഐ സമുച്ചയത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.