തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിത ഡോക്ടർക്ക് നേരെ ആക്രമണം
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിത ഡോക്ടർക്ക് നേരെ ആക്രമണം. ന്യൂറോ സർജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെ ആണ് രോഗിയുടെ ബന്ധു ആക്രമിച്ചത്. രോഗി മരിച്ചുവെന്ന് അറിയിച്ചതോടെ ബന്ധു , ഡോക്ടറെ തള്ളിയിട്ട ശേഷം വയറ്റിൽ ചവിട്ടുകയായിരുന്നു. വയറിൽ ചവിട്ടേറ്റ വനിത ഡോക്ടർ ചികിൽസയിലാണ്.
ബ്രെയിൻ ട്യൂമറമായി സൂപ്പർ സ്പെഷ്യൽറ്റി വിഭാഗത്തിൽ ചികിൽസ തേടിയ രോഗിയുടെ ഭർത്താവാണ് വനിത ഡോക്ടറെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും പുലർച്ചയോടെ രോഗി മരിച്ചു. ഈ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പിജി ഡോക്ടർ രോഗിയുടെ ഭർത്താവായ കൊല്ലം , വെളിച്ചിക്കാല സ്വദേശി ശെന്തിൽ കുമാറിനോട് പറയവേ ആണ് ആക്രമണം ഉണ്ടായത്. മെഡിക്കൽ കോളജ് പൊലീസിൽ പരാതി രജിസ്റ്റർ ചെയ്തു. പൊലിസെത്തി ആക്രമണം നേരിട്ട വനിത ഡോക്ടറുടെ മൊഴി എടുത്തിട്ടുണ്ട് . മൃതദേഹവുമായി ശെന്തിൽകുമാർ കൊല്ലത്തേക്ക് പോയതിനാൽ അവിടെ പൊലീസുമായി ബന്ധപ്പെട്ടാകും തുടർ നടപടികൾ.
ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ ആശുപത്രിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.വനിത ഡോക്ടറെ ആക്രമിച്ച ശെന്തിൽകുമാറിനെ ആശുപത്രി സംരക്ഷ്ഷണ നിയമ പ്രകാരം അറസ്റ്റ് ചെയ്തില്ലെങ്കിൽ നാളെ മുതൽ അനിശ്ചിത കാലസമരം തുടങ്ങുമെന്ന് മെഡിക്കൽ കോളജ് ഡോക്ടമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.