തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ പൂരച്ചടങ്ങുകൾക്ക് പരിസമാപ്തിയായി
തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ പൂരച്ചടങ്ങുകൾക്ക് പരിസമാപ്തിയായി. ഇനി അടുത്ത വർഷത്തെ പൂരാഘോഷത്തിനുള്ള കാത്തിരിപ്പാണ്. 2024 ഏപ്രിൽ 19നാണ് അടുത്ത വർഷത്തെ തൃശൂർ പൂരം.
തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസ്സിലേറിയാണ് തിരുവമ്പാടി ഭഗവതി എഴുന്നള്ളിയത്. എറണാകുളം ശിവകുമാറിന്റെ ശിരസ്സിലേറി പാറമേക്കാവ് ഭഗവതിയും എഴുന്നള്ളി. വടക്കുംനാഥനെ കണ്ട് വണങ്ങിയ ശേഷം പടിഞ്ഞാറെ നടയിലൂടെയാണ് ചന്ദ്രശേഖരൻ ശ്രീമൂല സ്ഥാനത്തെത്തിയത്. ഇതേസമയം നടുവിലാൽ ഗണപതിയെ വലംവച്ച് ശിവകുമാറും ശ്രീമൂലസ്ഥാനത്തെത്തി. തുടർന്ന് തൃശൂർ പൂരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയായ ഇരു ആനകളും തുമ്പിക്കൈ ഉയർത്തി പരസ്പരം ഉപചാരം ചൊല്ലി.
എട്ട് മണിക്കാണ് എഴുന്നള്ളിപ്പ് തുടങ്ങിയത്. പാറമേക്കാവ് വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് മണികണ്ഠനാൽ ഭാഗത്തുനിന്ന് തുടങ്ങി. 15 ആനകളാണ് നിരന്നത്. കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിലുള്ള മേളാരവും ഒപ്പം കുടമാറ്റവും നടന്നു. ഇന്നലെ നടന്ന കുടമാറ്റത്തിന്റെ ചെറിയ രൂപമായിരുന്നു ഇന്ന് നടന്നത്.