CRIME

തൃശ്ശൂരില്‍ അച്ഛനേയും അമ്മയേയും വെട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍

തൃശ്ശൂര്‍:  കുടുംബകലഹത്തെ തുടർന്നു മാതാപിതാക്കളെ മകൻ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. മറ്റത്തൂർ ഇഞ്ചക്കുണ്ട് കുണ്ടിൽ സുബ്രൻ (കുട്ടൻ–68), ഭാര്യ ചന്ദ്രിക (62) എന്നിവരാണു കൊല്ലപ്പെട്ടത്. ക്രൂരകൃത്യത്തിനു ശേഷം ബൈക്കിൽ കടന്ന മകൻ അനീഷ്  പുലർച്ചെ രണ്ടുമണിക്ക് കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാളുകളായി ഇവരുടെ വീട്ടിൽ കലഹം തുടരുന്നുണ്ടെങ്കിലും ഇന്നലെ രാവിലെ വീട്ടുമുറ്റത്തു മ‌ാവിൻതൈ നടാൻ സുബ്രനും ചന്ദ്രികയും ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണു കൃത്യത്തിലേക്കു നയിച്ചത്.

വീട്ടുമുറ്റത്ത് മാവിന്‍ തൈ നടുന്നതുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് അമ്മയേയും അച്ഛനേയും തൂമ്പകൊണ്ട് അടിച്ചും ഓടിച്ചിട്ട് നടുറോഡില്‍ വെച്ച് വെട്ടിയും കൊലപ്പെടുത്തിയത്.  അനീഷ് തിങ്കളാഴ്ച പുലര്‍ച്ചെ തൃശ്ശൂര്‍ കമ്മീഷണര്‍ ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ചയാണ് അനീഷ് അച്ഛന്‍ കുണ്ടില്‍ സുബ്രഹ്മണ്യനേയും (68) ഭാര്യ ചന്ദ്രികയേയും (63) കൊലപ്പെടുത്തിയത്.  പോലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു. തുടര്‍ന്നാണ് കീഴടങ്ങലും അറസ്റ്റും.

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് ചെറിയ കുഴിയെടുത്ത് ചന്ദ്രിക മാവിന്‍തൈ നട്ടു. അതു കണ്ട് കുപിതനായി വന്ന അനീഷ് അത് പറിച്ചെറിഞ്ഞു. ഇതോടെ അമ്മയും മകനും തമ്മില്‍ വഴക്കായി. വഴക്ക് രൂക്ഷമാകുന്നത് തടയാന്‍ അച്ഛന്‍ സുബ്രഹ്മണ്യനും മുറ്റത്തെത്തി. ഇതോടെ കൂടുതല്‍ കുപിതനായ അനീഷ് അവിടെ കിടന്നിരുന്ന തൂമ്പയെടുത്ത് ഇരുവരുടെയും തലയ്ക്കടിച്ചു. പ്രാണരക്ഷാര്‍ഥം ഇരുവരും റോഡിലേക്ക് ഓടി. ഇതിനിടെ അനീഷ് വീട്ടില്‍ കയറി അവിടെനിന്ന് വലിയ വെട്ടുകത്തിയെടുത്ത് ഇവരെ പിന്തുടര്‍ന്നു. റോഡിലൂടെ ഓടുകയായിരുന്ന ഇരുവരെയും വെട്ടിവീഴ്ത്തി. ചന്ദ്രികയുടെ കഴുത്ത് അറ്റുപോകാറായ നിലയിലായിരുന്നു. സുബ്രഹ്മണ്യന്റെ ശരീരത്തില്‍ പലയിടങ്ങളില്‍ വെട്ടുണ്ട്. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു.
മരണം ഉറപ്പാക്കിയ അനീഷ് കത്തി മുറ്റത്ത് ഉപേക്ഷിച്ച് വീട്ടില്‍ കയറി ഷര്‍ട്ടിട്ട് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. വീടിന് അടുത്തുള്ള കാട്ടിലേക്കാണ് അനീഷ് പോയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തിരച്ചില്‍ തുടങ്ങിയിരുന്നു.ടാപ്പിങ് തൊഴിലാളികളാണ് സുബ്രഹ്മണ്യനും ചന്ദ്രികയും. ബിരുദപഠനത്തിനുശേഷം കുറേവര്‍ഷം അനീഷ് വിദേശത്തായിരുന്നു. അഞ്ചുവര്‍ഷംമുമ്പാണ് തിരിച്ചെത്തിയത്. അതിനുശേഷം ഡ്രൈവറായി ജോലിചെയ്തു. സ്വന്തമായി ടാക്‌സി സേവനവും നടത്തിയിരുന്നു. സുബ്രഹ്മണ്യന്റെയും ചന്ദ്രികയുടെയും മകള്‍ അഡ്വ. ആശ സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button