തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം
രക്ത ചാമുണ്ഡി
ദേവീമാഹാത്മ്യത്തിലും ദേവീഭാഗവതത്തിലും പ്രതിപാദിച്ചിരിക്കുന്ന ചണ്ഡമുണ്ഡന്മാരുടേയും രക്തബീജാസുരന്റേയും വധവുമായി ബന്ധപ്പെട്ട പുരാവൃത്തമാണ് രക്തചാമുണ്ഡി തെയ്യത്തിന്റെ അടിസ്ഥാനം. തെയ്യം ആരാധനയിൽ ഏറെ പ്രാധാന്യമുള്ള മഹാകാളിയുടെ മറ്റൊരു രൂപമാണ് ഇതും.മുപ്പത്തൈവരിൽ ഒരാളായ രക്‌തചാമുണ്ഡി വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത ദേശനാമങ്ങളും (ഉദാ: ആയിരം തെങ്ങിൽ ചാമുണ്ഡി, കോട്ടപ്പുറത്തു ചാമുണ്ഡി) തറവാട്ടു നാമങ്ങളുമായും (ഉദാ: കോടോത്ത് ചാമുണ്ഡി, കമ്മാടത്ത് ചാമുണ്ഡി) ബന്ധപ്പെട്ടും അറിയപ്പെടുന്നുണ്ട്.
ഐതിഹ്യം
മൂന്നു ലോകങ്ങളേയും പീഡിപ്പിച്ച ശുംഭനിശുംഭന്മാരെ ഇല്ലാതാക്കാനായി പാർവ്വതിയിൽ നിന്നു രൂപമെടുത്ത കൗശികി എന്ന പേരിലും പ്രശസ്തയായ അംബികാദേവി കൈലാസത്തിൽ വാഴുമ്പോൾ ദേവിയുടെ സൗന്ദര്യം കേട്ടറിഞ്ഞ് സ്വന്തമാക്കാനായി ശുംഭൻ തന്റെ അനുചരന്മാരായ ചണ്ഡനേയും മുണ്ഡനേയും പറഞ്ഞയച്ചു. അവർ ദേവിയെ പിടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ദേവിയുടെ മുഖം കോപംകൊണ്ട് കറുത്തിരുളുകയും നെറ്റിയിൽ നിന്ന് അതിഭീകരരൂപിണിയായി കാളി അവതരിക്കുകയും ചെയ്തു. പിന്നീടു നടന്ന അതിഘോര യുദ്ധത്തിൽ കാളി ചണ്ഡമുണ്ഡന്മാരുടെ കഴുത്തറുത്ത് അംബികാദേവിക്ക് സമർപ്പിച്ചു. ഇതിൽ സംപ്രീതയായ ദേവി ചണ്ഡമുണ്ഡന്മാരെ വധിച്ചവൾ എന്ന അർത്ഥത്തിൽ കാളിയ്ക്ക് ചാമുണ്ഡി എന്ന പേരു നല്കി.
മറ്റൊരു വേളയിൽ, ശത്രുവിൽ നിന്നുണ്ടാകുന്ന മുറിവുകളിൽ നിന്നിറ്റുവീഴുന്ന ഓരോ തുള്ളി രക്തത്തിൽ നിന്നും അനേകം അസുരന്മാർ തനിക്കു വേണ്ടി പോരാടാൻ ഉടലെടുക്കുമെന്ന വരം പരമശിവനിൽ നിന്നു നേടിയ അതിക്രൂരനായ രക്തബീജാസുരനുമായുള്ള യുദ്ധത്തിൽ അവന്റെ തലയറുത്ത് വേതാളത്തിനു കൊടുത്ത കാളി അവന്റെ ശരീരത്തിൽ നിന്ന് ഒരു തുള്ളി രക്തം പോലും താഴെ വീഴാതെ കോരിക്കുടിച്ചു. മേലാസകാലം രക്തത്തിൽ കുളിച്ച കാളി അങ്ങനെ രക്തചാമുണ്ഡിയായി അറിയപ്പെട്ടു.
തെയ്യം
മലയസമുദായക്കാരാണ് ഈ തെയ്യം കെട്ടാറുള്ളത്. പുറത്തട്ടും ‘തേപ്പും കുറിയും’ മുഖത്തെഴുത്തുമായി ഇറങ്ങുന്ന ഈ തെയ്യം ഒലിയുടയാണ് (കുരുത്തോല കൊണ്ടുള്ളത്) സാധാരണയായി ധരിക്കാറുള്ളത്.എന്നാൽ ചിലപ്പോൾ വെളുമ്പൻ ഉടയും ഉപയോഗിക്കാറുണ്ട്. തെയ്യം മുടിവച്ചയുടനെയുള്ള രൗദ്രനടനവും ക്രമേണ ശാന്തതയിലേക്കുള്ള സംക്രമണവും തികച്ചും വേറിട്ടൊരനുഭവമാണ് നമുക്കു നല്കുക.രക്‌തചാമുണ്ഡി തെയ്യം ഇറങ്ങിയാൽ , ” പകലവനൊരു പതിനായിരമൊന്നിച്ചുദയം ചെയ്തതുപോലെ ശോഭ ” എന്ന തോറ്റം പാട്ടിലെ വാക്കുകൾ അന്വർത്ഥമാണെന്നു നമുക്കു ബോദ്ധ്യപ്പെടും, അത്രയും ആകർഷകമായ രൂപഭംഗിയാണ് ഈ തെയ്യത്തിന്.