CALICUTDISTRICT NEWSMAIN HEADLINES

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന്  കലക്ടര്‍

കോഴിക്കോട് ‌: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ജില്ലയില്‍ അന്തിമഘട്ടത്തിലാണെന്ന് കലക്ടര്‍ എസ്. സാംബശിവറാവു. കോവിഡ് സുരക്ഷിത തെരഞ്ഞെടുപ്പായിരിക്കുമിതെന്നും എല്ലാ പോളിങ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കലക്ട്രേറ്റ് ചേബറില്‍   അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
13 നിയോജകമണ്ഡലങ്ങളിലായി ഇതുവരെ 24.70 ലക്ഷം വോട്ടര്‍മാരാണുള്ളത്. അന്തിമവോട്ടര്‍പട്ടിക വരുമ്പോള്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവും. 3,790 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ 2,179 പ്രധാന പോളിങ് സ്റ്റേഷനുകളും 1,611 അധിക പോളിങ് സ്റ്റേഷനുകളുമാണ്. വോട്ടര്‍മാരുടെ എണ്ണം ആയിരത്തില്‍ കൂടുന്ന ബൂത്തുകളിലാണ് അധിക പോളിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ഇവയ്ക്കായി കെട്ടിടസൗകര്യം ലഭ്യമായില്ലെങ്കില്‍ താല്‍കാലിക ഷെഡ് ഒരുക്കും.

എല്ലാ പോളിങ് സ്റ്റേഷനുകളും ഭിന്നശേഷി സൗഹൃദമായിരിക്കും. ഹരിത പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. മുതിര്‍ന്നവര്‍,ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍, കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍, അവശ്യ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് പോസ്റ്റല്‍ വോട്ട് സംവിധാനം വിനിയോഗിക്കാം. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അറിയാനും കൈകാര്യം ചെയ്യുന്നതിനുമായി ജില്ലയില്‍ ‘അവകാശം’ എന്ന പോര്‍ട്ടല്‍ ഒരുക്കും. വോട്ടര്‍മാരുടെ സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി 1950,18004251440 എന്നീ നമ്പറുകളിലും ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് 18005990469 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി പൊലീസ് സംവിധാനങ്ങളടക്കം പൂര്‍ണസജ്ജമാണ്.  ജില്ലയില്‍ 1457പോളിങ് ബൂത്തുകളാണ് പ്രത്യേക ശ്രദ്ധവേണ്ടവ.  വള്‍നറബിള്‍ ബൂത്തുകള്‍ 82, സെന്‍സിറ്റിവ് ബൂത്തുകള്‍ 1230, ക്രിട്ടിക്കല്‍ ബൂത്ത് 77, മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകള്‍ 67 എന്നിങ്ങനെയാണിവ.
50 ശതമാനം പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിങ് സജ്ജീകരിച്ചിട്ടുണ്ട്. ഇപ്രകാരം 1900
പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഉണ്ടാവും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായും കലക്ടര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് വിഭാഗം ഡെ.കലക്ടര്‍ കെ.അജീഷ്, എ.ഡി.എം. എന്‍. പ്രേമചന്ദ്രന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button