തെരുവുനായകളെ പിടിക്കാന്‍ ആളെകിട്ടാനില്ല; സർക്കാരിന്റെ വാക്സിനേഷന്‍ യജ്ഞം പാളി
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തെരുവുനായ വാക്സിനേഷന്‍ യജ്ഞത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കുത്തിവയ്പ് തുടങ്ങാനാകാതെ തദ്ദേശസ്ഥാപനങ്ങള്‍. തെരുവുനായകളെ പിടിക്കാന്‍ ആളെകിട്ടാനില്ലാത്തതാണ് പ്രതിസന്ധി. കുടുംബശ്രീയെയാണ് ഇതിനായി ചുമതലപ്പെടുത്തിയതെങ്കിലും, നായപിടുത്തത്തില്‍ പരിശീലനം വേണ്ടവരുടെ പട്ടിക പോലും കുടുംബശ്രീ ഇതുവരെ മൃഗസംരക്ഷണവകുപ്പിന് കൈമാറിയിട്ടില്ല.
തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയതോടെയായിരുന്നു വകുപ്പുമന്ത്രിയുടെ പ്രഖ്യാപനം. മന്ത്രി പറഞ്ഞ ഒരുമാസം കഴിയുമ്പോള്‍ സംസ്ഥാനത്ത് കോഴിക്കോട്ട് മാത്രം തെരുവുനായകളുടെ എണ്ണം 14032. കുത്തിവയ്പ് നടത്തിയത് വെറും 480 എണ്ണത്തിന് മാത്രം.
മിക്ക പഞ്ചായത്തുകളിലും നഗരസഭകളിലും കുത്തിവയ്പ് തുടങ്ങിയിട്ടേയില്ല. തെരുവുനായകളെ പിടികൂടാന്‍ ചുമതലപ്പെടുത്തിയവരുടെ പട്ടിക കുടുംബശ്രീ ഇതുവരെ മൃഗസംരക്ഷണ വകുപ്പിന് കൈമാറിയിട്ടില്ല. ഇവര്‍ക്ക് മൃഗസംരക്ഷണവകുപ്പ് ഒരാഴ്ചത്തെ പരിശീലനം നല്‍കിയിട്ട് വേണം കുത്തിവയ്പ് തുടങ്ങാന്‍.
വാക്സീന്‍റെ ലഭ്യത കുറവും പ്രതിസന്ധിയായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് ജില്ലയിലെ 22,776 വളര്‍ത്തുനായകളില്‍ 16,199 എണ്ണത്തിനും കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തില്‍ മാത്രം പട്ടികടിയേറ്റത് നൂറോളം പേര്‍ക്കാണ്.