തെരുവുനായ്കളുടെ ആക്രമണത്തിൽ അരങ്ങാടത്ത് രണ്ട് ആടുകൾ ചത്തു.
ചെങ്ങോട്ടുകാവ്: തെരുവുനായ്കളുടെ ആക്രമണം ചെങ്ങോട്ടുകാവിലും രൂക്ഷമാകുന്നു. അരങ്ങാടത്തെ മണന്തലയില്‍ നികന്യയുടെ ഒരാടിനെക്കൂടി ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് രണ്ട് മണിയോടെ തെരുവുനായ്കൾ കടിച്ചു കൊന്നു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തെരുവുനായ്ക്കള്‍ നികന്യയുടെ ആടുകളെ കൊല്ലുന്നത്. തെരുവുനായ്ക്കളുടെ ശല്ല്യം ഈ മേഖലയിൽ രൂക്ഷമാണെങ്കിലും ഗ്രാമപഞ്ചായത്തോ സർക്കാരോ നിയന്ത്രണ നടപടികളൊന്നും സ്വീകരിക്കുന്നില്ലന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
വീടിനടുത്തുള്ള പറമ്പില്‍ തീറ്റയെടുക്കുന്നതിനായി കെട്ടിയിട്ട നിലയിലായിരുന്നു ആട്. പത്തിലധികം തെരുവുനായ്ക്കളാണ് ആടിനെ ആക്രമിച്ചത്. ചുറ്റുപാടുമുള്ള വീടുകളിൽ നിന്ന് ആളുകളോടിയെത്തിയതോടെ നായ്ക്കള്‍ രക്ഷപ്പെട്ടു. ഇതിനിടയിൽ തന്നെ ആട് ചത്തിരുന്നു. അടുത്തിടെ പ്രസവിച്ച ആടാണിതെന്ന് ഉടമ പറയുന്നു. ആടുകളെ തെരുവുനായ്ക്കള്‍ കൊന്ന വിവരം പഞ്ചായത്തിലും ആരോഗ്യവകുപ്പിനെയും അറിയിച്ചിട്ടുണ്ട്. തുഛമായ എന്തെങ്കിലും നഷ്ടപരിഹാരം എപ്പോഴെങ്കിലും കിട്ടിയേക്കാമെങ്കിലും തെരുവുനായ ശല്ല്യം ശാശ്വതമായി നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികളൊന്നുമില്ല.