തെരുവ് നായ്ക്കളിലെ പേവിഷ പ്രതിരോധത്തിന് വീണ്ടും തീവ്രയജ്ഞ പരിപാടിയുമായി സർക്കാർ
നായ്ക്കളുടെ എണ്ണം പെരുകുകയും ആക്രമണം കൂടുകയും ചെയ്തതോടെ തെരുവ് നായ്ക്കളിലെ പേവിഷ പ്രതിരോധത്തിനെതിരെ തീവ്രയജ്ഞപരിപാടിയുമായി സർക്കാർ. മിഷൻ റേബിസ് എന്ന എൻജിഒയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. പേവിഷ പ്രതിരോധത്തിന് കാര്യക്ഷമമായ നടപടികള്‍ നിലവില്‍ ഇല്ലെന്ന് റിപ്പോർട്ടർ സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സർക്കാർ തീരുമാനം.
ഇക്കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് 1,60,000ൽ അധികം പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. ഈ മാസം മാത്രം 3 പേർ ഉൾപ്പെടെ ഏഴ് മാസത്തിനിടെ 9 പേർ പേവിഷ ബാധയേറ്റ് മരിച്ചു. ഇതോടെയാണ് നായ്ക്കളുടെ പേവിഷ ബാധ തടയാൻ സർക്കാർ വീണ്ടും രംഗത്തിറങ്ങുന്നത്.
വാക്സീൻ നൽകാൻ വീണ്ടും പദ്ധതി തയാറാക്കി. സെപ്റ്റംബർ മാസത്തോടെ പദ്ധതി തുടങ്ങും. കഴിഞ്ഞ വർഷവും സെപ്റ്റംബറിലായിരുന്നു പദ്ധതി നടപ്പാക്കിയത്. എന്നാൽ ജീവനക്കാരുടെ കുറവടക്കം ഉണ്ടായതിനാൽ അത് ഉദ്ദേശിച്ച ഫലം കണ്ടില്ല. ഈ പദ്ധതി പൂർത്തിയാക്കാൻ കൂടിയാണ് തദ്ദേശ വകുപ്പും മൃഗ സംരക്ഷണ വകുപ്പുകൾ വീണ്ടും രംഗത്തിറങ്ങുന്നത്.
നായ്ക്കളെ പിടിക്കുന്നതിന് പരിചയ സമ്പന്നരായ ആളുകളുടെ കുറവുണ്ട്. ഇത് പരിഹരിക്കാൻ മിഷൻ റേബിസ് എന്ന എൻ ജി ഒയുടെ സഹകരണം ഉറപ്പാക്കി. ഇവർ നായ പിടിക്കാൻ പരിശീലനം നൽകും. അടുത്തമാസം പരിശീലനം തുടങ്ങിയേക്കും. സംസ്ഥാനത്ത് നിലവിലുള്ള 3ലക്ഷത്തോളം തെരുവ് നായ്ക്കളിൽ 30ശതമാനത്തിന് പോലും ഇതുവരെ ഒരു ഡോസ് വാക്സീൻ പോലും നൽകിയിട്ടില്ല.