തെളിനീരൊഴുകും നവകേരളം: രാമൻ പുഴ വീണ്ടെടുപ്പിന് തുടക്കം
തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കോട്ടൂർ ഗ്രാ പഞ്ചായത്തിൽ രാമൻ പുഴ ശുചീകരണത്തിന് തുടക്കമായി. സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളും ശുചീകരിക്കുക എന്ന പൊതു ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇടിഞ്ഞകടവ്-മുണ്ടയിൽ താഴെ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാകലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. പുഴകളെ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് ഗ്രാമപഞ്ചായത്തുകളിലുടെ കടന്നുപോകുന്ന രാമൻ പുഴ ശുചീകരണത്തിന്റെ ഭാഗമായി നാല് കിലോമീറ്ററിലധികം ഭാഗമാണ് ശുചീകരിച്ചത്. പുഴയിൽവീണ മരങ്ങൾ മുറിച്ചുമാറ്റി. തീരങ്ങളിലുള്ള കാടുകളും പ്ളാസ്റ്റിക്കും പാഴ് വസ്തുക്കളും നീക്കം ചെയ്തു.
പ്രദേശ വാസികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേന അംഗങ്ങൾ, യൂത്ത് വളണ്ടിയർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ വിവിധ ഭാഗങ്ങളിലായി ശുചീകരണത്തിൽ പങ്കാളികളായി. ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച പാഴ്വസ്തുക്കൾ തരംതിരിച്ചു കൈമാറും.
ചടങ്ങിൽ കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. പ്രകാശ് തെളിനീരോഴുകും നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ വിലാസിനി, സ്ഥിരം സമിതി അധ്യക്ഷൻ ആർ. കെ ഫിബിൻ ലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം നബീസ വഴുതനപ്പറ്റ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഹരിദാസ്, ബിന്ദു കൊല്ലെരു കണ്ടി, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ ടി,
ശുചിത്വമിഷൻ അസി. കോർഡിനേറ്റർ ഉഷാകുമാരി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി .കെ ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.