MAIN HEADLINES

തൊടുപുഴയിൽ മകനെയും കുടുംബത്തെയും തീവെച്ച്‌ കൊന്നു; അച്ഛൻ അറസ്‌റ്റിൽ

തൊടുപുഴ : ചീനിക്കുഴിയിൽ ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും അച്ഛൻ വീട്‌ പുറത്തുനിന്നുംപൂട്ടി പെട്രോളൊഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തി. ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ്‌ ഫൈസൽ(45), ഭാര്യ ഷീബ 45), മക്കളായ മെഹർ(16), ഹസ്‌ന(13) എന്നിവരാണ്‌ മരിച്ചത്‌. മുഹമ്മദ്‌ ഫൈസലിന്റെ അച്ഛൻ ഹമീദിനെ (79) കരിമണ്ണൂർ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

ശനി പുലർച്ചെ 12.45നായിരുന്നു ആസൂത്രിത കൊലപാതകം. വീട്‌ പുറത്തുനിന്നും പൂട്ടിയ ശേഷം ജനലിലൂടെ ബെഡ്ഡിലേക്ക്‌ പെട്രോൾ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. വീട്ടിലേക്കുള്ള വൈദ്യുതിബന്ധവും വിഛേദിച്ചിരുന്നു. കുടുംബവഴക്കാണ്‌ കൊടുംക്രൂരകൃത്യത്തിന്‌ കാരണം. തീപിടിച്ചത്‌ മനസിലാക്കിയ ഹസ്‌ന രക്ഷക്കായി അയൽക്കാരൻ കല്ലുറുമ്പിൽ രാഹുലിനെ ഫോണിൽ വിളിച്ചു. അയൽക്കാരൻ എത്തിയപ്പോൾ ഹമീദ്‌ പെട്രോൾ നിറച്ച കുപ്പി വീടിനുള്ളിലേക്ക്‌ എറിഞ്ഞു. വീട്‌ പുറത്തു നിന്നു പൂട്ടിയിരുന്നതാണ്‌ കുടുംബത്തിന്‌ രക്ഷപെടാനാകാതെ പോയത്‌.

ഹമീദിനെ തള്ളിവീഴ്‌ത്തി സമീപവാസികൾ വാതിൽ തകർത്താണ്‌ പിന്നീട്‌ അകത്തുകയറിയത്‌. കുടുംബാംഗങ്ങൾ ബാത്‌റൂമിനുള്ളിൽ മരിച്ചു കിടക്കുകയായിരുന്നു. വെള്ളമൊഴിച്ച്‌ തീ കെടുത്താൻ പ്രാണരക്ഷാർത്ഥം  ഇവർ ബാത്‌റൂമിലേക്ക്‌ ഓടിയതാണെന്ന്‌ കരുതുന്നു.
വീട്ടിലെ ടാങ്കിലെ വെള്ളം മുഴുവൻ ഹമീദ്‌ ഒഴുക്കി വിട്ടിരുന്നു. നാട്ടുകാരും തൊടുപുഴയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണ്‌ തീ അണച്ചത്‌.  ഹമീദും മകനുമായി കുറേനാളുകളായി സ്വത്തുതർക്കമുണ്ട്‌. ഇതുസംബന്ധിച്ച്‌ കോടതിയിൽ കേസുണ്ട്‌. ഹമീദ്‌ ഈ വീടിനോട്‌ ചേർന്നുള്ള ചായപ്പിലായിരുന്നു താമസം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button