തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു
അഭ്യസ്തവിദ്യരായ സ്ത്രീകൾക്കുള്ള തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടം ആരോഗ്യ, വനിതാ ശിശുക്ഷേമ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. 2026 ഓടെ 20 ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിലുള്ള സുപ്രധാന ചുവടുവെപ്പാണ് തൊഴിലരങ്ങത്തേക്ക് പദ്ധതി. സ്ത്രീശാക്തീകരണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമായ സാമ്പത്തിക ശാക്തീകരണം സാധ്യമാകുന്നത് തൊഴിൽ ഉറപ്പാക്കി, സാമ്പത്തികമായ സ്വാതന്ത്ര്യം നേടുന്നതിലൂടെയാണ്.
തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ നടന്ന പരിപാടിയിൽ വി കെ പ്രശാന്ത് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. വനിത വികസന കോർപ്പറേഷൻ എം ഡി ബിന്ദു വി സി, കെ കെ ഇ എം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സി മധുസൂദനൻ , കുടുംബശ്രീ മിഷൻ ജില്ല കോർഡിനേറ്റർ ഡോ. ശ്രീജിത്ത്, കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, കുടുംബശ്രീ സ്റ്റേറ്റ് പോഗ്രാം മാനേജർ സാബു ബി എന്നിവർ സംബന്ധിച്ചു.