തോരായി കടവ് പാലം പ്രവൃത്തി ഉദ്ഘാടനം (ആഗസ്റ്റ് 3) നാളെ
കൊയിലാണ്ടി നിയോജക മണ്ഡലത്തെയും ബാലുശ്ശേരി നിയോജക മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന തോരായി കടവ് പാലം പ്രവൃത്തി ഉദ്ഘാടനം നാളെ (ആഗസ്റ്റ് 3) പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. രാവിലെ പത്തു മണിക്ക് തോരായി കടവിൽ നടക്കുന്ന ചടങ്ങിൽ കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിക്കും. ചടങ്ങിൽ എം പി മാരായ കെ മുരളീധരൻ, എം കെ രാഘവൻ, കെ എം സച്ചിൻ ദേവ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. അത്തോളി, പൂക്കാട് നിവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു തോരായി കടവ് പാലം.
അകലാപ്പുഴയ്ക്ക് കുറുകെ ചേമഞ്ചേരി, അത്തോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോരായി കടവ് പാലം 23.82 കോടി രൂപ ചെലവിൽ കിഫ്ബി സഹായത്തോടെയാണ് നിർമ്മിക്കുന്നത്. 265 മീറ്റർ നീളത്തിലും11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുക. ദേശീയ ജലപാതയ്ക്ക് കുറുകെയായതിനാൽ പാലത്തിന്റെ നടുവിലായി ജലയാനങ്ങൾക്ക് കടന്നുപോകാൻ 55 മീറ്റർ നീളത്തിലും ജലവിതാനത്തിൽ നിന്ന് ആറ് മീറ്റർ ഉയരത്തിലുമായി ബോ സ്ട്രിങ് ആർച്ച് രൂപത്തിലാണ് പാലത്തിന്റെ രൂപകൽപന.18 മാസമാണ് പാലത്തിന്റെ നിർമ്മാണ കാലയളവ്. മഞ്ചേരി ആസ്ഥാനമായുള്ള പി എം ആർ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ കരാർ നൽകിയിട്ടുള്ളത്. കേരള പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോർഡ് പി എം യു യൂണിറ്റിനാണ് നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല.
പാലം യാഥാർഥ്യമാകുന്നതോടെ അത്തോളി, ബാലുശ്ശേരി ഭാഗങ്ങളിൽ നിന്നും നേരിട്ട് പൂക്കാട് എത്താൻ സാധിക്കും. കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കിഴക്കൻ മേഖലയിൽ നിന്നുള്ളവർക്ക് എത്തിച്ചേരാനും എളുപ്പമാകും.