ദില്ലിയിൽ ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരായ പോലീസ് നടപടിയിൽ കലിക്കറ്റ് പോസ്റ്റ് ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനായി രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്യുന്നു
ഇന്ത്യ, ഒരർത്ഥത്തിലുള്ള മാധ്യമ സ്വാതന്ത്യവും അനുവദിക്കാത്ത, അഭിപ്രായ സ്വതന്ത്ര്യം നിഷേധിക്കപ്പെട്ട, നിയമവാഴ്ചയില്ലാത്ത, ഫാസിസ്റ്റ് സ്റ്റേറ്റായി മാറുന്നതിന്റെ ലക്ഷണങ്ങളാണ് ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിന്റെ ദില്ലിയിലെ ഓഫീസിലെ റെയ്ഡിൽ തെളിഞ്ഞു കാണുന്നത്. ഇതിനെതിരെ മുഴുവൻ മാധ്യമ പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും പ്രതിഷേധവുമായി രംഗത്തിറങ്ങാൻ വൈകരുതെന്ന് കലിക്കറ്റ് പോസ്റ്റ് ആവശ്യപ്പെടുന്നു.
ചൈനീസ് ബന്ധം ആരോപിച്ച് ദില്ലിയിലെ ഇടതുപക്ഷാനുകൂല ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിന്റെ പത്രാധിപർ പ്രബീർ പുർകായസ്ത, എച്ച് ആർ മാനേജർ അമിത് ചക്രവർത്തി എന്നിവരെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തിരിക്കയാണ്. ഇനിയും അറസ്റ്റുണ്ടാകുമെന്ന് പോലീസ് പറയുന്നു. ന്യൂസ് ക്ലിക്കിന്റെ ദില്ലിയിലെ ഓഫീസ് പോലീസ് പൂട്ടി സീൽ വെച്ച നിലയിലാണ്.
ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകർ, കോളമിസ്റ്റുകൾ, സ്റ്റാൻഡ്-അപ്പ് കോമേഡിയൻസ് തുടങ്ങി നിരവധി പേരുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. മാധ്യമപ്രവർത്തകരായ അബിസാർ ശർമ്മ, ഭാഷ സിങ്, ഉർമിലേഷ്, ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ത, എഴുത്തുകാരനായ ഗീത ഹരിഹരൻ, രാഷ്ട്രീയ സമ്പദ് ശാസ്ത്ര വിദഗ്ധനായ ഒനിൻന്ത്യോ ചക്രവർത്തി, ആക്ടിവിസ്റ്റും ചരിത്രകാരനുമായ സൊഹൈൽ ഹാഷ്മി, സ്റ്റാൻഡ്-അപ്പ് കോമേഡിയനായ സഞ്ജയ് രജൗര എന്നിവരുടെ വസതികളിലാണ് പൊലീസ് ഇന്നലെ അതിരാവിലെ റെയ്ഡ് നടത്തിയത്. സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വസതിയിലും റെയ്ഡ് നടന്നു. ന്യൂസ് ക്ലിക്കിലെ ഒരു മാധ്യമപ്രവർത്തകൻ അവിടെ താമസിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു റെയ്ഡ്. യു എ പി എ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസിന്റെ ഭാഗമായി ദില്ലി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് റെയ്ഡിന് നേതൃത്വം നൽകിയത്. ആക്ടിവിസ്റ്റായ ടീസ്റ്റ സ്റ്റെതൽവാദ്, മുതിർന്ന മാധ്യമ പ്രവർത്തകനായ പരഞ്ജോയ് ഗുഹ താക്കുർതാ എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു.
ചൈനീസ് സാമ്പത്തിക സഹായം കൈപ്പറ്റിയാതായി ആരോപിച്ച് രജിസ്റ്റർ ചെയ്ത, എഫ്.ഐ.ആർ നമ്പർ 224 /2023 എന്ന കേസ്സുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്ന് ഉന്നത പോലീസ് അധികാരികൾ അവകാശപ്പെടുന്നു. 2023 ആഗസ്റ്റ് 17 ന് രജിസ്റ്റർ ചെയ്ത ഈ കേസിൽ യു എ പി എ നിയമത്തിലെ 13, 16, 17, 18, 22 വകുപ്പുകളും, ഐ പി സി യിലെ 153 എ, 120 ബി എന്നീ വകുപ്പുകളും ചേർത്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ന്യൂസ് ക്ലിക്കിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു. അവിടങ്ങളിൽ നിന്ന് കമ്പ്യൂട്ടറുകൾ, ഹാർഡ് ഡിസ്ക്, ലാപ്പ്ടോപ്പ്, മൊബൈൽ ഫോണുകൾ തുടങ്ങി ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
സി പി എം ജനറൽ സെക്രട്ടറി യച്ചൂരിയുടെ ഓഫീസ് റിസപ്ഷനിസ്റ്റിന്റെ മകൻ സുമിത് ന്യൂസ് ക്ലിക്കിൽ ഗ്രാഫിക് ആർട്ടിസ്‌റ്റ് ആയി ജോലി ചെയ്യുന്നുണ്ട്. സുമിത്തിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിലെടുത്തവയിൽ ഉൾപ്പെടുന്നു.
രണ്ടു തവണ രാം നാഥ് ഗോയങ്കെ അവാർഡിനർഹനായ മാധ്യമപ്രവർത്തകനാണ് അബിസാർ ശർമ്മ. ദില്ലി പൊലീസ് തന്റെ വീട്ടിലെത്തി ഫോണും, ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തുവെന്ന് ഇദ്ദേഹം സമൂഹ്യമാധ്യമമായ എക്സി- ൽ ഇന്നലെ രാവിലെ എഴുതിയിരുന്നു. മാധ്യമപ്രവർത്തകയായ ഭാഷ സിങ്ങും തന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തതായി പറഞ്ഞു.
‘ഇന്ത്യ വിരുദ്ധ’ അന്തരീക്ഷം സൃഷ്ടിക്കാൻ കോൺഗ്രസ് നേതാക്കളും ന്യൂസ് ക്ലിക്കും ചൈനയിൽ നിന്ന് ഫണ്ട് സ്വീകരിച്ചുവെന്ന ന്യൂയോർക്ക് ടൈംസിന്റെ 2023 ആഗസ്റ്റ് മാസത്തെ ഒരു റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. തെളിവുകളില്ലാത്ത വെറും ആരോപണത്തെ മാത്രം അടിസ്ഥാനമാക്കി കെട്ടിച്ചമച്ചതാണ് ഈ റെയ്ഡിന് ആസ്പദമായ സംഭവം. ഈ ആരോപണം ബി ജെ പി, എം പി നിഷികാന്ത് ദുബേ ആഗസ്റ്റിൽ നടന്ന ലോക്സഭ സമ്മേളനത്തിൽ ഒരു തെളിവിന്റേയും പിൻബലമില്ലാതെ തന്നെ അവതരിപ്പിക്കുകയായിരുന്നു.
ന്യൂസ് ക്ലിക്ക് എന്ന മാധ്യമസ്ഥാപനത്തിൽ നടന്ന റെയ്ഡുകളിൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യ, എഡിറ്റേഴ്സ് ഗിൽഡ്, തുടങ്ങി മുഴുവൻ മാധ്യമ പ്രസ്ഥാനങ്ങളും ആശങ്ക രേഖപ്പെടുത്തുകയും പ്രതിഷേധിക്കകുയും ചെയ്തിട്ടുണ്ട്. സ്ഥിഗതികൾ നിരീക്ഷിക്കുകയാണെന്നും വിശദമായ പ്രസ്താവന ഉടൻ നൽകുമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ അറിയിച്ചു.
ഇന്ത്യ, ഒരർത്ഥത്തിലുള്ള മാധ്യമ സ്വാതന്ത്യവും അനുവദിക്കാത്ത, അഭിപ്രായ സ്വതന്ത്ര്യം നിഷേധിക്കപ്പെട്ട, നിയമവാഴ്ചയില്ലാത്ത, ഫാസിസ്റ്റ് സ്റ്റേറ്റായി മാറുന്നതിന്റെ ലക്ഷണങ്ങളാണ് ഈ മാധ്യമ വേട്ടയിൽ തെളിഞ്ഞു കാണുന്നത്. മുഴുവൻ മാധ്യമ പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും പ്രതിഷേധവുമായി രംഗത്തിറങ്ങാൻ വൈകരുതെന്ന് കലിക്കറ്റ് പോസ്റ്റ് ആവശ്യപ്പെടുന്നു.