DISTRICT NEWS

ദീപക്കിൻ്റെ തിരോധാനം: പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു

 

മേപ്പയ്യൂർ: കൂനം വെള്ളിക്കാവ് സ്വദേശി ദീപക്കിന്റെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. നാദാപുരം കൺട്രോൾ റൂം ഡി.വൈ.എസ്.പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. മേപ്പയ്യൂർ സ്റ്റേഷനിലെ സി.ഐ കെ.ഉണ്ണികൃഷ്ണൻ ഉൾപ്പെടെ പത്ത് പേരാണ് അന്വേഷണ സംഘത്തിലുള്ളത്.

ജൂൺ ആറിനാണ് ദീപക്കിനെ കാണാതായത്. തുടർന്ന് ജൂലൈ ഒമ്പതിന് ബന്ധുക്കൾ മേപ്പയ്യൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ജൂലൈ 17ന് തിക്കോടി കോടിക്കൽ ബീച്ചിൽ കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂർ സ്വദേശി ദീപക്കിൻ്റെതാണെന്നു കരുതി ബന്ധുക്കൾക്ക് വിട്ടു നൽകി സംസ്കരിക്കുകയായിരുന്നു. പിന്നീടാണ് ഡി.എൻ.എ ഫലം വന്നപ്പോൾ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്നിരിക്കര സ്വദേശി ഇർഷാദിൻ്റെതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരിക്കുന്നത്. സ്വർണ്ണക്കടത്ത് സംഘത്തിൽ അറസ്റ്റിലായ പ്രതികളിൽ നിന്ന് കിട്ടിയ വിവരമാണ് ഇതിലേക്ക് വെളിച്ചം വീശിയത്.

ദീപക്കിൻ്റെ അമ്മ ശ്രീലത തൻ്റെ മകൻ്റെ മൃതശരീരമല്ലെന്ന് സംശയം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. ഡി എൻ എ ഫലം വരാതെ മൃതദേഹം സംസ്കരിക്കാൻ വിട്ടു കൊടുത്തത് പോലീസിൻ്റെ അനാസ്ഥയാണെന്ന ആരോപണവുമായി കൊല്ലപ്പെട്ട ഇർഷാദിൻ്റെ ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്.

ഒന്നര വർഷം മുമ്പാണ് വിദേശത്ത് ജോലി, ചെയ്യുകയായിരുന്ന ദീപക് നാട്ടിലെത്തുന്നതെന്നുംതുടർന്ന് നാട്ടിൽ ഒരു തുണിക്കടയിൽ ജോലി ചെയ്തു വരികയായിരുന്നുവെന്നും അമ്മ ശ്രീലത പറഞ്ഞു. വീട്ടിൽ നിന്ന് എറണാകുളത്ത് പോകുന്നുവെന്നാണ് ദീപക് പറഞ്ഞത്.പിന്നീട് ദീപകിനെ കുറിച്ച് ഒരു വിവരവുമില്ലാതായതിനെ തുടർന്നാണ് മേപ്പയ്യൂർ പോലീസിൽ പരാതി നൽകിയതെന്ന് അമ്മ പറഞ്ഞു.

മരണപ്പെട്ടത് പന്തിരിക്കര സ്വദേശി ഇർഷാദ് ആണെന്നറിഞ്ഞതോടെ കഴിഞ്ഞ ദിവസം റൂറൽ എസ്.പിയെ നേരിൽ കണ്ട് പരാതി നൽകിയതായി അവർ പറഞ്ഞു.

ദീപകിനെ കണ്ടെത്താൻ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് സി.പി.എം മേപ്പയ്യൂർ സൗത്ത് ലോക്കൽ കമ്മിറ്റിയും ,ഡി.വൈ.എഫ് ഐ മേഖലാ കമ്മിറ്റിയും, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയും രംഗത്ത് വന്നിരുന്നു. ദീപക്കിൻ്റെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതോടെ ദുരൂഹതകൾ നീങ്ങും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button