ദീപുവിന്റെ കൊലപാതകം; പ്രതികൾക്ക് ജാമ്യം
കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ പ്രതികളായ നാല് സിപിഎം പ്രവർത്തകർക്കും ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഈ നാലുപേരോടും കുന്നത്ത് നാട് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത് പരിഗണിച്ചാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായ അബ്ദുൾ റഹ്മാൻ അസീസ്, സൈനുദ്ധീൻ, ബഷീർ എന്നിവർ നിലവിൽ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
ഫെബ്രുവരി 12 ന് വൈകിട്ട് 7.30 നാണ് ദീപുവിന് പരിക്കേറ്റത്. പഞ്ചായത്ത് മെമ്പറും ദീപുവിന്റെ മാതാപിതാക്കളും ദീപുവിന് പരിക്കേൽക്കുന്നത് കണ്ടു എന്നാണ് പ്രഥമവിവരമൊഴിയിൽ പറഞ്ഞത്. ഫെബ്രുവരി 12, 13 തിയതികളിൽ ദീപുവോ സംഭവം കണ്ട മറ്റുള്ളവരോ സംഭവത്തെക്കുറിച്ച് മറ്റാരോടും പറഞ്ഞില്ല. പൊലീസിൽ പരാതി നൽകുകയോ ആശുപത്രിയിൽ പോകുകയോ ചെയ്തില്ല. ഫെബ്രുവരി 14 ന് വൈകിട്ട് പഴങ്ങനാട് സമരിറ്റൻ ഹോസ്പിറ്റലിൽ അഡ്മിറ്റായ ദീപു വീണു പരിക്കേറ്റതാണ് എന്നാണ് ഡോക്ടറോട് പറഞ്ഞത്. പിന്നീട് ദീപു അബോധാവസ്ഥയിൽ ആയതിനു ശേഷമാണ് സിപിഐ എം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ആണ് ദീപുവിന് പരിക്കേറ്റത് എന്ന് ട്വന്റി 20 പഞ്ചായത്ത് മെമ്പർ പോലീസിൽ മൊഴി നൽകിയത്. പ്രതികൾ ആരും ആയുധങ്ങൾ ഉപയോഗിച്ചില്ല എന്നും ദീപുവിന് പുറത്തു കാണാവുന്ന പരിക്കുകൾ ഒന്നും ഇല്ലാ എന്നും കോടതി നിരീക്ഷിച്ചു.
പ്രതികൾ മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവർ അല്ല. പൊലീസ് അന്വേഷണം പൂർത്തികരിച്ച് വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതികളുടെ തുടർ കസ്റ്റഡി ആവശ്യമില്ല എന്നും കോടതി ഉത്തരവിൽ പറഞ്ഞു. പ്രതികൾക്കായി അഡ്വ. പി കെ വർഗീസ്, അഡ്വ. കെ എസ് അരുൺകുമാർ എന്നിവർ ഹാജരായി.