ദുരാചാരങ്ങൾ ഇല്ലാതാക്കാൻ ശാസ്ത്ര ചിന്തയും ശാസ്ത്രബോധവും വളർത്തണം : ആനി രാജ
കൊയിലാണ്ടി: രാഷ്ട്രിയവും സാമ്പത്തിക ശാസ്ത്രവും കൂടിക്കുഴഞ്ഞു കിടക്കുന്നതാണ് രാജ്യത്തെ ദുരാചാരമെന്ന് ദേശിയ മഹിള ഫെഡറേഷൻ ജന.സെക്രട്ടറി ആനി രാജ പറഞ്ഞു.കേരള മഹിള സംഘം അനാചാരങ്ങൾക്കും ലഹരിക്കും എതിരെ നടത്തിയ ജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഭരണം സ്ഥാപിക്കാനും നിലനിർത്താനും അന്ധവിശ്വാസവും ദുരാചാരവും പ്രചരിപ്പിക്കപ്പെടുന്നു. അന്ധവിശ്വാസങ്ങും ദുരാചാരങ്ങളും ഇല്ലാതാക്കാൻ ശാസ്ത്ര ചിന്തയും ശാസ്ത്ര ബോധവും വളർത്തണം. റോക്കറ്റ് വിക്ഷേപിക്കുമ്പോഴും കപ്പൽ നീറ്റിലിറക്കുമ്പോഴും പൂജ നടത്തുന്നതും അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ്.
പ്രധാന സേവക് എന്നു വിശേഷിപ്പിക്കുന്ന രാജ്യത്തെ പ്രധാനമന്ത്രി പ്രധാന പൂജാരിയായി മാറിയിരിക്കയാണ്. മനുവാദം ജീവിതചര്യമാക്കിയ ഫാസിസ്റ്റുകൾ മനുഷ്യരെ അന്ധവിശ്വാസങ്ങളിലേക്കു തള്ളിവിടുകയാണ്.സ്ത്രീകളാണ് ഇവരുടെ പ്രധാന ഇര.ജീവിത പ്രാരാബ്ധങ്ങളാൽ വീർപ്പുമുട്ടുന്ന സ്ത്രീകളെ എളുപ്പം ദുരാചാരങ്ങൾക്ക് അടിമപ്പെടുത്താൻ കഴിയുമെന്ന് ഇവർ കരുതുന്നു. ശാസ്ത്ര ബോധത്തെ പരിഹസിക്കും വിധമുള്ള ചിന്തകളാണ് കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ളവർ പ്രചരിപ്പിക്കുന്നത്.ആനി രാജ പറഞ്ഞു. കെ.ടി. കല്യാണി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.വസന്തം ,റീന സുരേഷ് , ടി .ഭാരതി എന്നിവർ സംസാരിച്ചു.