ദേവസ്വം ബോര്‍ഡിന്റെ പേരില്‍ നിയമന തട്ടിപ്പ് നടത്തിയവര്‍ കൈക്കലാക്കിയത് രണ്ടരക്കോടിയിലേറെ രൂപ
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പേരില്‍ നിയമന തട്ടിപ്പ് നടത്തിയവര്‍ രണ്ടരക്കോടിയിലേറെ രൂപ കൈക്കലാക്കി. 39 ഓളം പേര്‍ തട്ടിപ്പിന് ഇരയായെന്നും കണ്ടെത്തി. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന മാവേലിക്കര സ്വദേശികളായ സംഘമാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പുകാര്‍ക്ക് കേസില്‍ നിന്ന് രക്ഷപെടാന്‍ പൊലീസുകാരുടെ സഹായം ലഭിച്ചെന്നും കണ്ടെത്തല്‍.
സമീപകാലത്ത് സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളുടെ പേരില്‍ സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പാണ് ദേവസ്വം നിയമന തട്ടിപ്പെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡിന്റെ മറവിലായിരുന്നു തട്ടിപ്പിന് തുടക്കം. ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശിനിയ്ക്ക് വൈക്കം ക്ഷേത്രകലാപീഠത്തില്‍ പ്യൂണായി ജോലി നല്‍കാമെന്ന് പറഞ്ഞ് മൂന്ന് ലക്ഷത്തി പതിനായിരം രൂപ വാങ്ങിയതാണ് ആദ്യത്തേത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ലെറ്റര്‍ പാഡില്‍ ചെയര്‍മാന്റെ ഒപ്പോടുകൂടി നൽകിയ വ്യാജ നിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ യുവതി എത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 39 പേര്‍ തട്ടിപ്പിന് ഇരയായെന്ന് കണ്ടെത്തി.
ഇവരില്‍ നിന്നെല്ലാമായി രണ്ട് കോടി നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ക്ളര്‍ക്ക്, പ്യൂണ്‍, സെക്യൂരിറ്റി തുടങ്ങിയ ജോലികളുടെ പേരിലാണ് ഭൂരിഭാഗം പേരെയും കബളിപ്പിച്ചത്. മാവേലിക്കര സ്വദേശിയായ വിനീഷാണ് മുഖ്യപ്രതി. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥന്‍ എന്ന പേരിലാണ് വിനീഷ് ഉദ്യോഗാര്‍ഥികളെ സമീപിച്ചിരുന്നത്. വിനീഷിനെ കൂടാതെ ദേവസ്വം ബോര്‍ഡ് പമ്പ പെട്രോള്‍ പമ്പിലെ താല്‍കാലിക ജീവനക്കാരനായിരുന്ന രാജേഷ് ഉള്‍പ്പെടെ ഏഴ് പേരാണ് അറസ്റ്റിലായിരിക്കുന്നത്.
അതേസമയം തട്ടിപ്പ് പുറത്തറിഞ്ഞ ശേഷവും അറസ്റ്റ് വൈകാന്‍ കാരണം അന്വേഷണ വിവരങ്ങള്‍ ചില ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിക്കും ഡി ജി പി നിര്‍ദേശം നല്‍കി.