ദേശീയ പഞ്ചഗുസ്തി ജേതാവ് വിമൽ ഗോപിനാഥിന് ‘ശ്രദ്ധ സാമൂഹ്യ പാഠശാല’യിൽ സ്വീകരണം നൽകി
കൊയിലാണ്ടി: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണ്ണമെഡലോടെ ദേശീയ ചാമ്പ്യനായ വിമൽ ഗോപിനാഥിന് കൊയിലാണ്ടി ശ്രദ്ധ സാമൂഹ്യ പാഠശാലയിൽ ഹൃദ്യമായ സ്വീകരണം നൽകി. ശ്രദ്ധയുടെ ഉപഹാരം എൻ വി ബാലകൃഷ്ണൻ വിമലിന് കൈമാറി. എൻ വി മുരളി, ശിവരാമൻ കൊണ്ടം വള്ളി, കെ രവീന്ദ്രനാഥ്,സായീപ്രസാദ് ചിത്രകൂടം, ഡോ.ഗോപിനാഫ്, പത്മജാ ഗോപിനാഥ്, നെല്ലിയിൽ ജ്യോതി, കെ രമേശൻ എന്നിവർ സംസാരിച്ചു. കൊയിലാണ്ടിയിലെ ശിശുരോഗ വിദഗ്ദൻ ഡോ. ഗോപിനാഥിൻ്റെയും പത്മജ ഗോപിനാഥിൻ്റെയും മകനാണ് വിമൽ ഗോപിനാഥ്. സെപ്തംബറിൽ ഫ്രാൻസിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് അദ്ദേഹം ശ്രദ്ധയിലെത്തിയത്.
ലോവ്സ് സർവ്വീസസ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ഡയരക്ടർ ഓഫ് എഞ്ചിനീയറിംഗ് തസ്തികയിൽ പ്രവർത്തിക്കുകന്ന വിമൽ അനുഗ്രഹീതനായ ഒരു ഗായകൻ കൂടിയാണ്. ശ്രദ്ധ പ്രവർത്തകരോട് വിമൽ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും സ്വീകരണത്തിന് നന്ദിയറിയിക്കുകയും ചെയ്തതിനൊപ്പം നല്ലൊരു ഗാനവും പങ്കു വെച്ചു. തന്റെ ഇഷ്ടഗാനമായ കിഷോർ കുമാറിന്റെ “പൽ പൽ ദിൽ കെ പാസ്” എന്ന ഗാനമാണ് ശ്രുതിമധുരമായി വിമൽ പാടിയത്. കിഷോർ കുമാറിന്റെ ഫാൻ കൂടിയാണ് വിമൽ. തന്റെ ജോലി സ്ഥലമായ ബംഗളൂരുവിലേക്ക് പോകുന്നതിനിടയിൽ വീണു കിട്ടിയ ഒരു സായാഹ്നത്തിലെ ഏതാനും മണിക്കൂറുകൾ വിമലും കുടുംബവും സുഹൃത്തുക്കളും ചേർന്ന് ശ്രദ്ധയിലെ സുന്ദരമായ ഓർമ്മകളിലൊന്നാക്കി മാറ്റി.