KERALAMAIN HEADLINES

ദ്വീപിൽ പ്രതിഷേധം ഇല്ലായ്മ ചെയ്യാൻ ലെവൽ ടു പ്രയോഗം

അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ ഭരണപരിഷ്‌കാരത്തിനെതിരായ ജനരോഷം മറികടക്കാൻ ലക്ഷദ്വീപിൽ‌ അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനമായ നിയന്ത്രണം. കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ ഭരണപരിഷ്‌കാരം നടപ്പാക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ്‌ തീരത്തും തുറമുഖത്തും ലെവൽ 2 സുരക്ഷ ഏർപ്പെടുത്തി.  രാജ്യസുരക്ഷയ്‌ക്ക്‌ ഗുരുതര വെല്ലുവിളി നേരിടുമ്പോൾമാത്രം ഏർപ്പെടുത്തുന്ന കർശന നിയന്ത്രണത്തോടെയുള്ള ജാഗ്രതയാണ്‌ ലെവൽ 2 സുരക്ഷ‌. അപൂർവമായിമാത്രം നടപ്പാക്കുന്ന ലെവൽ 2 സുരക്ഷയുടെ പേരിൽ ആരെയും എപ്പോൾ വേണമെങ്കിലും കസ്‌റ്റഡിയിലെടുക്കാനും സഞ്ചാരസ്വാതന്ത്ര്യം തടയാനും കഴിയും.

ഇന്റലിജൻസ്‌ റിപ്പോർട്ടിനെ തുടർന്നാണ്‌ ഇതെന്ന്‌ ലക്ഷദ്വീപ്‌ ഡെവലപ്‌മെന്റ്‌ കോർപറേഷൻ എംഡി സച്ചിൻ ശർമ പറയുന്നു. തുറമുഖത്തും ജെട്ടികളിലും പരിസരങ്ങളിലും ജലയാനങ്ങളിലും 24 മണിക്കൂർ നിരീക്ഷണമുണ്ട്‌. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടപടി തുടരുമെന്നും ഉത്തരവിൽ പറയുന്നു.  നേരത്തെ ജില്ലാ പഞ്ചായത്തിന്റെ അധികാരം കവരുകയും ഗുണ്ടാ ആക്‌ട്‌ നടപ്പാക്കുകയും ചെയ്‌തശേഷമാണ്‌  പുതിയ നടപടി.

ലക്ഷദ്വീപിലേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രിക്കലാകും പ്രധാന ലക്ഷ്യം. ജനപ്രതിനിധികളും രാഷ്‌ട്രീയനേതൃത്വവും ലക്ഷദ്വീപിൽ എത്തുന്നതിന്‌ അഡ്‌മിനിസ്‌ട്രേറ്റർ അനുമതി നിഷേധിച്ചിരുന്നു. മുമ്പ്‌ കോവിഡ്‌ നിയന്ത്രണങ്ങളുടെ പേരിലായിരുന്നെങ്കിൽ, ഇനി സുരക്ഷാകാരണം പറഞ്ഞും അനുമതി നിഷേധിക്കാം.

കോവിഡ്‌ വ്യാപനം 60 ശതമാനത്തിലേറെയുള്ളതിനാൽ ജനം വീടുകളിലാണ്‌‌. പരിഷ്‌കാരങ്ങൾക്കെതിരെ ജനരോഷം ശക്തമാണ്‌. കഴിഞ്ഞദിവസം പ്രതിഷേധിച്ചവരെ കോവിഡ്‌ നിയന്ത്രണലംഘനക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവർക്കെതിരെ മറ്റു ഗുരുതരവകുപ്പുകളും ചുമത്താൻ നീക്കമുണ്ട്‌. കോവിഡ്‌ ഭീഷണി കുറഞ്ഞാലും ജനരോഷത്തിന്‌ തടയിടാൻ ഗുണ്ടാനിയമവും ലെവൽ 2 സുരക്ഷാനിയന്ത്രണങ്ങളും  പ്രയോഗിക്കാനുമാകും.

ദ്വീപിൽ എഡിഎമ്മിന്റെ അനുമതിയുള്ളവർക്കുമാത്രമാകും സന്ദർശനാനുമതി.  പാസ് നീട്ടണമെങ്കിലും എഡിഎം അനുമതി വേണം. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ഞായറാഴ്‌ച ലക്ഷദ്വീപിൽ എത്തുമെന്നാണ്‌ വിവരം.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button