നക്സൽ നേതാവായിരുന്ന സി എച്ച് അച്യുതനെ വടകരയിൽ സുഹൃത്തുക്കൾ അനുസ്മരിക്കുന്നു; അടിയന്തരാവസ്ഥാ വാർഷികത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു
വടകര: കോവിഡ് കാലത്ത് മരണപ്പെട്ടു പോയ മുൻ നെക്സൽ നേതാവ് സി എച്ച് അച്യുതനെ അനുസ്മരിക്കുന്നതിന് സുഹൃത്തുക്കളും സഖാക്കളും ചേർന്ന് അനുസ്മരണ സമിതി രൂപീകരിച്ചു. അടിയന്തരാവസ്ഥാ വാർഷികമായ ജൂൺ 26 ന് വടകരയിൽ വിപുലമായ അനുസ്മരണ പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു. തമ്പാൻ തോമസ്സ്, സി കെ നാണു, എം എം സോമശേഖരൻ,കുന്നേൽ കൃഷ്ണൻ, എം പി കുഞ്ഞിക്കണാരൻ, അഡ്വ. ആശാ ഉണ്ണിത്താൻ, പി ജെ ബേബി,പി കെ നാണു, വി കെ പ്രഭാകരൻ, പി സി രാജേഷ്, എം ദിവാകരൻ തുടങ്ങിയവരാണ് അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്നത്. ‘വർത്തമാന ഇന്ത്യയിൽ അടിയന്തരാവസ്ഥ ഓർമ്മപ്പെടുത്തുന്നത്’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. വടകരയിലെ മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുക.
അടിയന്തിരാവസ്ഥക്കെതിരായ ചെറുത്ത്നില്പെന്ന നിലയിൽ സംഘടിപ്പിച്ച കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തതായി ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത അച്ചുതനെ കക്കയം,മാലൂർകുന്ന് പോലീസ് ക്യാമ്പുകളിൽ കൊടിയ മർദ്ദനത്തിനിരയാക്കിയിരുന്നു. തുടർന്ന് രണ്ട് വർഷം ജയിലിലായി.1970 കളിൽ സി പി ഐ എം എല്ലിന്റെ പുനസംഘടനയിൽ പങ്കുവഹിച്ചു. കോഴിക്കോട് ജില്ലാ കമ്മറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വിപ്ലവ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്ത് കൂടിച്ചേരലുകൾ അസാദ്ധ്യമായ കാലത്തായിരുന്നു അച്ചുതന്റെ മരണം. സുഹൃത്തുക്കളും നാട്ടുകാരും സഖാക്കളും എല്ലാം ചേർന്ന് രൂപീകരിച്ച അനുസ്മരണ സമിതിയാണ് സെമിനാറും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്.