KOYILANDILOCAL NEWS

നഗരസഭ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരെ പോലീസ് കേസെടുക്കണം: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ പാതയോരങ്ങളില്‍ അനധികൃത മത്സ്യ കച്ചവടത്തിനെതിരെ നടപടിയെടുത്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടക്കമുളള ജീവനക്കാരെ പരസ്യമായി അധിക്ഷേപിക്കുകയും കൃത്യ നിര്‍വ്വഹണത്തില്‍ തടസ്സമുണ്ടാക്കുകയും ചെയ്ത സി പി എം കൊയിലാണ്ടി ഏരിയാ സെക്രട്ടറിക്കെതിരെ പോലീസ് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അനധികൃത മത്സ്യ കച്ചവടത്തിനെതിരെ നടപടിയെടുക്കാന്‍ നഗരസഭ ഐക്യകണ്ഠേനയാണ് തീരുമാനിച്ചത്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ഹെല്‍ത്ത് വിഭാഗം അനധികൃത മത്സ്യ കച്ചവടക്കാരനെതിരെ നടപടിയെടുത്തത്. നഗരസഭ ജീവനക്കാരെ പിന്തുണക്കുന്നതിന് പകരം അനധികൃത മത്സ്യ കച്ചവടക്കാരെ സഹായിക്കുന്ന നിലപാടാണ് സി പി എം ഏരിയാ സെക്രട്ടറി സ്വീകരിക്കുന്നത്. മുന്‍നഗരസഭ വൈസ് ചെയര്‍ മാൻ കൂടിയായ ആളാണ് ഏരിയാ സെക്രട്ടറി. തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയേയും, ഉദ്യോഗസ്ഥരേയും ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്താനുള്ള ശ്രമത്തിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളാണുള്ളത്.


സര്‍ക്കാര്‍ ശമ്പളം പറ്റുന്ന നഗരസഭ ജീവനക്കാരെ ഭീഷണിപ്പെടുത്താനും, ശകാരിക്കാനും പാര്‍ട്ടി സെക്രട്ടറിയ്ക്ക് ആരാണധികാരം നല്കിയതെന്ന് നഗരസഭാ ചെയർപേഴ്സൺ വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി പി എം ഏരിയാ നേതൃത്വവും നഗരസഭാ സാരഥികളും തമ്മിലുളള അഭിപ്രായ ഭിന്നതയാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്.


കൊയിലാണ്ടി നഗരത്തിൽ ശുചിത്വവും സൗന്ദര്യവൽക്കരണവും നടപ്പാക്കണമെങ്കില്‍ അനധികൃത പെട്ടിക്കടകളും തൊരുവോര കച്ചവടങ്ങളും നിയന്ത്രിക്കണം. ഗതാഗത കുരുക്ക് രൂക്ഷമായ റോഡരികില്‍ പോലും പെട്ടി ഓട്ടോറിക്ഷകള്‍ നിര്‍ത്തി പഴകച്ചവടവും മീന്‍ വില്‍പ്പനയും അനുദിനം പെരുകി കൊണ്ടിരിക്കുകാണ്. ഇതിൽ പലതും നിരോധിക്കപ്പെട്ട ലഹരി ഉത്പന്നങ്ങളുടെ വിതരണകേന്ദ്രങ്ങളാണെന്ന് പരക്കേ ആക്ഷേപങ്ങൾ നിലനില്ക്കുന്നുണ്ട്. പെട്ടി ഓട്ടോകള്‍ക്കരികില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ കൂട്ടം കൂടി നില്‍ക്കുമ്പോള്‍ ഗതാഗത കുരുക്ക് ഏറും. ഈ അനധികൃത വില്‍പ്പനക്കെതിരെ പോലീസോ,മോട്ടോര്‍വാഹന വകുപ്പോ,കൊയിലാണ്ടി നഗരസഭയോ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പകരം ഇത്തരം അനധികൃത കട്ടവടക്കാര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുകയാണ് സിപിഎമ്മും പോലീസും ചെയ്യുന്നത്. പാര്‍ട്ടി ഫണ്ടിലേക്ക് വലിയ തുകയാണ് ഓരോ തെരുവ് കച്ചവടക്കാരിൽ നിന്നും വാങ്ങുന്നതെന്ന കാര്യം പരസ്യമായ രഹസ്യമാണ്. സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന് ഓരോ തെരുവ് കച്ചവടക്കാരില്‍ നിന്നും രണ്ടായിരം രൂപ വരെ പിരിച്ചതായി പറയപ്പെടുന്നു. അതു കൊണ്ടാണ് അനധികൃത കച്ചവടക്കാര്‍ക്കെതിരെ ആരെങ്കിലും നടപടിയെടുക്കുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ പ്രകോപിതരാവുന്നതും, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതുമെന്ന് യോഗം ആരോപിച്ചു. പാര്‍ട്ടി നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതില്‍ മുന്‍സിപ്പല്‍ സ്റ്റാഫ് യൂനിയന്‍ നിലപാട് വ്യക്തമാക്കണം. ഭരണം നടത്താനാവുന്നില്ലെങ്കിൽ നഗരസഭ അധ്യക്ഷയും വൈസ് ചെയർമാനും രാജി വെക്കണം
വി വി സുധാകരൻ അദ്ധ്യക്ഷം വഹിച്ചു.    പി രത്നവല്ലി, നടേരി ഭാസ്കരൻ, കെ പി വിനോദ് കുമാർ, മനോജ് പയറ്റു വളപ്പിൽ, പി ടി ഉമേന്ദ്രൻ, കെ വിറീന,  എൻ മുരളീധരൻ, എം കെ അൻസാർ, ചെറുവക്കാട്ട് രാമൻ, എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button