നഗര സഭാ അംഗങ്ങൾക്ക് പണക്കിഴി. വിജിലൻസിന് സി.സി. ടിവി ദൃശ്യങ്ങൾ ലഭിച്ചു
തൃക്കാക്കര നഗരസഭാ അംഗങ്ങൾക്ക് അധ്യക്ഷ പണക്കിഴി നൽകിയ സംഭവത്തിൽ നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ ഓഫീസ് മുറിയിൽനിന്ന് പണമടങ്ങിയ കവറുമായി കൗൺസിലർമാർ പുറത്തേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ വിജിലൻസിന് ലഭിച്ചു.
ആറു കൗൺസിലർമാരുടെ ദൃശ്യങ്ങളാണ് വിജിലൻസിന് ലഭിച്ചത്. ഓണക്കോടിക്കൊപ്പം ഒരേതരത്തിലുള്ള കവറുമായാണ് എല്ലാവരും പുറത്തേക്ക് വരുന്നത്. അഴിമതി നടന്നതിന്റെ തെളിവ് ലഭ്യമായതിനാൽ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവ് നൽകേണ്ടി വരും. ഗ്രൂപ്പുപോരിന്റെ ഭാഗമാണ് സംഭവം പുറത്തായതിന് പിന്നിൽ എന്നും അരോപണമുണ്ട്. എന്നാൽ കെപിസിസി ഇതുവരെ ഇക്കാര്യം പരിഗണിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.
തുടരന്വേഷണത്തിന് വിജിലൻസ് തീരുമാനിച്ചാൽ പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തേണ്ടിവരും.
ഓണക്കോടിക്കൊപ്പം 43 കൗൺസിലർമാർക്ക് 10,000 രൂപവീതം നൽകാനുള്ള പണം അധ്യക്ഷയ്‌ക്ക് എവിടെനിന്ന് കിട്ടിയെന്നാണ് വിജിലൻസ് തെളിയിക്കേണ്ടി വരിക. കൗൺസിൽ തീരുമാനത്തിലാണ് പണവിതരണമെങ്കിൽ, അതിന്റെ മിനിറ്റ്‌സും രേഖകളും ധനവകുപ്പിന്റെ അംഗീകാരപത്രവും സെക്രട്ടറിയുടെ ഉത്തരവും ഹാജരാക്കേണ്ടിവരും. ഒരുവിഭാഗം കൗൺസിലർമാർ തിരികെ നൽകിയതിനാൽ തുക ശരിയായ മാർഗ്ഗത്തിൽ വന്നതാണോ എന്ന് പരിശോധിക്കേണ്ടി വരും.