നടിയെ അക്രമിച്ച കേസ് ; ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദരേഖയിലുള്ളത് ദിലീപിന്റെ ശബ്ദം തന്നെ
നടിയെ അക്രമിച്ച കേസിൽ ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദരേഖയിലുള്ളത് ദിലീപിന്റെ ശബ്ദം തന്നെ എന്ന് ഫൊറൻസിക് റിപ്പോർട്ട്. ശബ്ദരേഖ വ്യാജമല്ലെന്നും കൃത്രിമം നടന്നിട്ടില്ലെന്നും പരിശോധന ഫലം വ്യക്തമാക്കുന്ന റിപ്പോർട്ട് വിചാരണ കോടതിക്ക് കൈമാറി.
നാൽപ്പതോളം വരുന്ന ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയത്. ഈ സംഭാഷണങ്ങളിലെ ശബ്ദങ്ങൾ കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരൻ അനൂപ്, സുരാജ് , അപ്പു, ശരത് എന്നിവരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാലചന്ദ്രകുമാർ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണം റെക്കോർഡ് ചെയ്തത്.ശബ്ദ സംഭാഷണങ്ങളിൽ ഒരു തരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ല. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി.
എന്നാൽ ശബ്ദ രേഖകൾ വ്യാജമാണെന്ന് പ്രതികളുടെ അഭിഭാഷകർ ഉൾപ്പടെ ആരോപിച്ചിരുന്നു.പരിശോധനയുടെ ഭാഗമായി ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങൾ ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങളുമായി താരതമ്യം ചെയ്താണ് ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദങ്ങൾ പരിശോധിച്ചത്.