നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി തള്ളി. നടന്‍ ദിലീപിനും സുഹൃത്ത് ശരത്തിനും എതിരെയുള്ള തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കുമെന്ന് എറണാകുളം സെഷന്‍സ് കോടതി. തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി ശരിവെച്ചു. റിപ്പോർട്ട് അംഗീകരിച്ച കോടതി ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് അറിയിച്ചു. ഈ മാസം 31-ന് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തും. ദിലീപും ശരത്തും അന്ന് കോടതിയില്‍ നേരിട്ട് ഹാജരകണമെന്നുമാണ് നിര്‍ദേശം. തുടര്‍ന്ന് ഈ കുറ്റത്തിന്‍മേലുള്ള വിചാരണയും നേരിടേണ്ടിവരും.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് സ്വന്തം വീട്ടിൽ വച്ച് കണ്ടു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പുതിയൊരു കേസ് രജിസ്റ്റർ ചെയ്തത്.
നടിയെ ആക്രമിച്ച് പകത്തിയ ദൃശ്യങ്ങൾ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെതിരെ തുടരന്വേഷണത്തിൽ ചുമത്തിയിട്ടുള്ളത്. തുടരന്വേഷണത്തിന് ശേഷം ശരത്തിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ഐപാഡിൽ ആക്കി ദിലീപിന്‍റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത് ആണെന്നും ഈ ദൃശ്യം കാണാൻ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്.