നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ ദിലീപിന്‍റെ താൽപര്യ പ്രകാരമാണെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടി ബി മിനി ആരോപിക്കുന്നു. ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ പൊലീസിന് തന്നെ അവഹേളനമാണ്. ഇക്കാര്യത്തിൽ തുടർ അന്വേഷണം വേണമെന്നും അഭിഭാഷക പ്രതികരിച്ചു.
ആർ.ശ്രീലേഖയുടെ പ്രതികരണം പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് എം എൽ എ പ്രതികരിച്ചു. ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരുന്നയാൾ ഇത്തരത്തിൽ പ്രതികരിക്കാമോ എന്ന് ജനം വിലയിരുത്തട്ടെ.കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ല. താൻ എന്നും അതിജീവിതയ്ക്കൊപ്പമെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.
ആർ.ശ്രീലേഖയുടെ പ്രതികരണത്തിനെതിരെ നടി ഭാഗ്യലക്ഷ്മിയും രംഗത്തെത്തി.സോഷ്യൽ മീഡിയയിൽ വൈറലാനാകാണ് ശ്രീലേഖയുടെ ശ്രമമമെന്ന് ഭാഗ്യലക്ഷ്മി തുറന്നടിച്ചു. അതിജീവിതയെ ഒന്ന് നേരിൽ കാണാൻ പോലും അനുവദിക്കാത്ത ആളാണ് ശ്രീലേഖ. ഇപ്പോഴത്തെ നിലപാടിലെ വിയോജിപ്പ് നേരിട്ട് അറിയിച്ചെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്നത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്യുന്നു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആർ ശ്രീലേഖയുടെ പരാമര്‍ശം. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്നും പൊലീസ് വ്യാജ തെളിവുകളുണ്ടാക്കുകയായിരുന്നുവെന്നുമുള്ള മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയുള്ള മുൻ ജയിൽ ഡിജിപിയുടെ പരാമർശത്തിൽ അന്വേഷണ സംഘവും ഞെട്ടലിലാണ്. ദിലീപിനെ വെള്ള പൂശാനുള്ള ശ്രമമാണ് ശ്രീലേഖ നടത്തുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതിനിടെ ശ്രീലേഖക്കെതിരെ പ്രോസിക്യൂഷൻ കോടതിയലക്ഷ്യ നടപടികളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
എന്നാൽ വിഷയം വിവാദമായപ്പോഴും ഇനി കൂടുതൽ സംസാരിക്കാനോ പരസ്യ പ്രതികരണത്തിനോ ഇല്ലെന്ന നിലപാടിലാണ് ആർ.ശ്രീലേഖ. പറയേണ്ടതെല്ലാം തന്റെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞുവെന്നും ഇപ്പോൾ ഉണ്ടാക്കുന്ന വിവാദങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണെന്നും ശ്രീലേഖ വിശദീകരിക്കുന്നു. വിചാരണ നടപടികൾ അവസാനിച്ചതുകൊണ്ടും തന്റെ ചാനലിന്റെ 75 എപ്പിസോഡായതു കൊണ്ടുമാണ് ഈ വിഷയം തെരെഞ്ഞെടുത്തത്. പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ തന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാൻ കഴിയില്ല. നിയമം അറിയാത്തവരാണ് ഇങ്ങനെ പറയുന്നതെന്നും ശ്രീലേഖ അഭിപ്രായപ്പെടുന്നു.