നന്മ ബാലയരങ്ങ് കലാവിജ്ഞാന ഏകദിന ശില്പശാല കുട്ടികൾക്ക് വേറിട്ട അനുഭവമായി
പൂക്കാട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന “നന്മ കൊയിലാണ്ടി മേഖല” പൂക്കാട് കലാലയത്തിൽ സംഘടിപ്പിച്ച കലാ വിജ്ഞാന ഏകദിന ശില്പശാല ക്യാമ്പ് കുട്ടികൾക്ക് വേറിട്ട അനുഭവമായി. കുട്ടികളുടെ വ്യക്തിത്വ വികാസവും, കലാപഠന താല്പര്യവും ലക്ഷ്യമാക്കി സംഗീതം, ചിത്രം, താളം, അഭിനയം എന്നീ സാധ്യതകൾ ഉപയോഗിച്ച് നാടക കലയിൽ പരിശീലനം നൽകുന്നതിനായി സംഘടിപ്പിച്ചതായിരുന്നു ക്യാമ്പ്.
നന്മ ബാലയരങ്ങിലെ മുപ്പതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. അഭിനേതാവും നാടക രംഗത്ത് ശ്രദ്ധേയനുമായ വി. കെ. രവി കൊയിലാണ്ടി, യു.കെ. രാഘവൻ മാസ്റ്റർ, ശിവദാസ് ചേമഞ്ചേരി, പാലക്കാട് പ്രേംരാജ്, എ.കെ.രമേശ്, എന്നിവരാണ് ക്യാമ്പ് നയിച്ചത്.
നന്മ കൊയിലാണ്ടി മേഖല പ്രസിഡണ്ട് സുധൻ വെങ്ങളത്തിന്റെ അധ്യക്ഷതയിൽ, നന്മ ജില്ലാ പ്രസിഡൻറ് ഷിബു മുത്താട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.കെ. രാഘവൻ മാസ്റ്റർ, ടി.കെ മനോജ് ഗുരുക്കൾ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.