പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഡയാലിസിസ് സെന്റർ നാളെ നാടിന് സമർപ്പിക്കും
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഡയാലിസിസ് സെന്റർ ടി പി രാമകൃഷ്ണൻ എംഎൽഎ നാളെ (ജൂലെെ 17) നാടിന് സമർപ്പിക്കും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബിപിസിഎല്ലിന്റെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ചാണ് ഡയാലിസിസ് സെന്ററിന്റെ രണ്ടാംഘട്ട വിപുലീകരണം നടത്തിയത്.
2016 ലാണ് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ പ്രവർത്തനമാരംഭിച്ചത്. നവീകരണത്തിന്റെ ഭാഗമായി നിലവിലെ കെട്ടിടത്തിന്റെ മുകൾ നിലയിൽ പുതിയ ബ്ലോക്ക് സ്ഥാപിക്കുകയും കുടുതൽ യന്ത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്ക് ഏറെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് കൂടുതൽ സൗകര്യങ്ങളോടെ കെട്ടിടം നവീകരിച്ചത്.
താലുക്ക് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയാകും. മെഡിക്കൽ ഓഫീസർ കെ ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തംഗംങ്ങൾ, വിവിധ പഞ്ചായത്തു പ്രസിഡന്റുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.