നാട് വരണ്ടുണങ്ങുന്നു; ഒന്ന് രണ്ട് ദിവസത്തിനകം കൊയിലാണ്ടി മേഖലയിൽ കനാൽ ജലമെത്തുമെന്ന് അധികൃതർ
കൊയിലാണ്ടി: തിരുവങ്ങൂർ, ചെങ്ങോട്ടുകാവ് പന്തലായനി മേഖലയിൽ ഇനിയും കനാൽ ജലമെത്തിയില്ല. കിണറുകളും കുളങ്ങളും വറ്റിവരളുന്നു. അങ്ങിങ്ങായി ഉണ്ടായിരുന്ന കൃഷി വരണ്ടുണങ്ങി. മാർച്ച് മാസം ആദ്യത്തോടെ ഈ മേഖലയിലാകെ കനാൽ ജലം എത്താറുള്ളതാണ്. ഇത്തവണ മാർച് മൂന്നാം വാരം കഴിയാറായിട്ടും വെള്ളമെത്താത്തത് എല്ലാവരേയും ആശങ്കപ്പെടുത്തുന്നു. കനാൽ ജലം പ്രതീക്ഷിച്ച് അങ്ങിങ്ങായി കൃഷി ചെയ്തിരുന്ന നെൽപ്പാടങ്ങൾ സമ്പൂർണ്ണമായി ഉണങ്ങിക്കഴിഞ്ഞു. കനാൽ ജലം എത്തിയെങ്കിലേ ഈ മാസത്തിൽ കിണറുകളിലും കുളങ്ങളിലും വെള്ളമുണ്ടാകൂ. കനാൽ ജലം ലഭിക്കാതായതോടെ പച്ചക്കറി നനക്കാൻ, പമ്പു പ്രവർത്തിപ്പിക്കാൻ വെള്ളമില്ലാതെ നെട്ടോട്ടമോടുകയാണ് കൃഷിക്കാർ. കുടിവെള്ളം കൂടി വറ്റിയതോടെ വെള്ളത്തിന് വേണ്ടി മുറവിളികളും സമരങ്ങളും ആരംഭിച്ചു കഴിഞ്ഞു.
തിരുവങ്ങൂർ ബ്രാഞ്ച് കെനാലിലേക്ക് ഇപ്പോൾ വെള്ളം എത്തി കൊണ്ടിരിക്കുകയാണെന്നും ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങൾ കൊണ്ട് തിരുവങ്ങൂരിൽ വെള്ളമെത്തുമെന്നും ഇറിഗേഷൻ വകുപ്പ് അധികൃതർ കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു. ഇടതുകര മെയിൻ കനാൽ നാൽപ്പതാം കിലോമീറ്ററിൽ നിന്നാണ് ഇരിങ്ങൽ ബ്രാഞ്ച് കനാലും തിരുവങ്ങൂർ ബ്രാഞ്ച് കനാലുമായി പിരിയുന്നത്. ഇപ്പോൾ വെള്ളം മുപ്പത്തഞ്ചാം കിലോമീറ്ററിലെത്തിയിട്ടുണ്ട്. നാൽപ്പതാം കിലോമീറ്ററിൽ (പെരുവട്ടൂർ) എത്തുമ്പോൾ തിരുവങ്ങൂർ ബ്രാഞ്ച് കനാലിലേക്ക് വെള്ളം ഒഴുകിത്തുടങ്ങും. ഇന്ന് വൈകുന്നേരത്തോടെ വെള്ളം തിരുവങ്ങൂർ ബ്രാഞ്ച് കനാലിലേക്ക് കടക്കും. കൈക്കെനാലുകളിലൊക്കെ വെള്ളമെത്തുന്നതിന് ഇനിയും ഒരാഴ്ചയെങ്കിലും കാത്തിരിക്കേണ്ടിവരും.
അയനിക്കാട് ഭാഗത്ത് നെൽകൃഷിക്ക് വെള്ളമെത്തിക്കാൻ ശ്രമം നടന്നത് കൊണ്ടാണ് തിരുവങ്ങൂർ ബ്രാഞ്ച് കനാലിലേക്ക് വെള്ളമൊഴുക്കാൻ വൈകിയതെന്ന് അധികൃതർ പറയുന്നു. ഇത്തവണ കനാലുകളുടെ അറ്റകുറ്റപ്പണികൾ നടക്കാത്തത് വലിയ പ്രതിസന്ധിയായതായി അവർ പറഞ്ഞു. കനാലുകൾ കാട് പിടിച്ചും ഇടിഞ്ഞ്നിരന്നും കാട്ടുപന്നികളുടെ വലിയ മാളങ്ങളായുമൊക്കെ കിടക്കുകയാണ്. ഇതിലൂടെയൊക്കെ വെള്ളമൊഴുകിയെത്താൻ പ്രതീക്ഷിക്കുന്നതിനേക്കാൾ ഒരുപാട് സമയം ആവശ്യമായി വരുന്നു. ഇതുകൊണ്ടൊക്കെയാണ് പ്രതീക്ഷിച്ച പോലെ വെള്ളമെത്തിക്കാൻ കഴിയാത്തതെന്നും ഇറിഗേഷൻ അധികൃതർ പറയുന്നു.