നാദാപുരത്ത് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി റഫ്നാസിനെതിരെ വധശ്രമത്തിന് പോലീസ് കേസ് എടുത്തു
കോഴിക്കോട്: നാദാപുരത്ത് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി റഫ്നാസിനെതിരെ (22) വധശ്രമത്തിന് പോലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും.
വ്യാഴാഴ്ച രണ്ടുമണിയോടെ പേരോട്-പാറക്കടവ് റോഡരികിലാണ് സംഭവം. ക്ലാസ് കഴിഞ്ഞ് ഒരുമണിക്കാണ് നഈമ കോളേജിൽ നിന്നിറങ്ങിയത്. പെൺകുട്ടിയുടെ വീടിനടുത്ത് പേരോട് മരമില്ല് പരിസരത്തെ വഴിയരികിൽ കാത്തുനിൽക്കുകയായിരുന്ന റഫ്നാസ് കൊടുവാളുമായി ചാടിവീണു. തലയ്ക്കും നെറ്റിയിലും പുറത്തുമാണ് വെട്ടേറ്റത്. പെൺകുട്ടി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിറകിൽനിന്ന് വെട്ടിവീഴ്ത്തി. ഇതുവഴി കാറിൽ വന്ന പാറക്കടവ് സ്വദേശി ചാമാളി ഹാരിസും സംഘവും റഫ്നാസിനെ തടയാൻ ശ്രമിച്ചെങ്കിലും ഇവർക്കുനേരെയും കൊടുവാൾ വീശി. ഒഴിഞ്ഞുമാറിയതിനാൽ പരിക്കേറ്റില്ല. ഇതിനിടയിലാണ് യുവാവ് കൊടുവാൾകൊണ്ട് തന്റെ ഇടതുകൈക്ക് വെട്ടിയത്.
കല്ലാച്ചിയിലെ ഒരു കടയിൽ ജീവനക്കാരനാണ് റഫ്നാസ്. ഇപ്പോൾ മാതാവിന്റെ കല്ലാച്ചിയിലെ വീട്ടിലാണ് താമസം.