KERALA

നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ ശരീരത്തിൽ ആന്റിബോഡി കണ്ടെത്തി

പത്തനംതിട്ട പെരുനാട്ടിൽ തെരുവുനായയുടെ കടിയേറ്റ് മരിച്ച 12കാരി അഭിരാമിയുടെ ശരീരത്തിൽ ആന്റിബോഡി കണ്ടെത്തി. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനകളിലാണ് ഇക്കാര്യം വ്യക്തമായത്. തലച്ചോറിൽ വൈറസ് ബാധിച്ചതാണ് മരണത്തിന് കാരണമെന്നാണ് കോട്ടയം ഐസിഎച്ച് ആശുപത്രി അധികൃതർ പറയുന്നത്.
അതേസമയം, നാടിനെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞ അഭിരാമിയുടെ മൃതദേഹം ഉച്ചയോടെ സംസ്കരിച്ചു. രാവിലെ ഒമ്പതു മണിയോടെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വീട്ടിലെത്തിച്ചു. 12 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

കോട്ടയം മെഡി. കോളജില്‍ ചികിത്സയിലായിരുന്ന അഭിരാമി സെപ്തംബർ അഞ്ചിനാണ് മരിച്ചത്. മൂന്ന് കുത്തിവെപ്പ് എടുത്തിട്ടും ഗുരുതരാവസ്ഥയിലായിരുന്നു അഭിരാമി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച പെൺകുട്ടിയുടെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തിയത്. വൈറസ് ബാധ തലച്ചോറിലേക്കും വ്യാപിച്ചതോടെ അഞ്ചിന് ഉച്ചയ്ക്ക് 1.45ന് മരിച്ചു.

സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രം​ഗത്തെത്തിയിരുന്നു. പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ല.

തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടും ആരോഗ്യം വഷളാവുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കുട്ടിക്ക് പനിയുണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടര്‍മാര്‍ കാര്യമായി പരിഗണിച്ചില്ലെന്നും മാതാവ് ആരോപിച്ചു.

എന്നാൽ പ്രാഥമിക ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഐസിഎച്ച് സൂപ്രണ്ട് ഡോ. ജയപ്രകാശ് പറഞ്ഞു. അഭിരാമിയുടെ കണ്ണിന് താഴെയേറ്റ ആഴത്തിലുള്ള മുറിവായിരിക്കാം ആരോഗ്യനില വഷളാകാൻ കാരണമെന്നും ഡോക്ടർ പറയുന്നു.

അഭിരാമിയുടെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും കുടുംബരോഗ്യ കേന്ദ്രങ്ങളിൽ പ്രാഥമിക ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

കഴിഞ്ഞ 13ന് രാവിലെ അയല്‍വീട്ടിലേക്ക് പാല്‍ വാങ്ങാന്‍ പോയ അഭിരാമിയെ റോഡില്‍ വച്ചാണ് നായ കടിച്ചത്. മുഖത്തും കണ്ണിനും കഴുത്തിനും കാലിനുമാണ് കടിയേറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച് മൂന്ന് ഡോസ് വാക്‌സിനെടുത്തു. ഈ മാസം പത്തിനാണ് നാലാമത്തേത് എടുക്കേണ്ടിയിരുന്നത്. അതിനിടെ വെളളിയാഴ്ച ആരോഗ്യനില മോശമായി.

ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ അവശനിലയിലായ കുട്ടിക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ വന്നു. വീണ്ടും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൈലപ്ര സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button