നിപ ഒഴിയാബാധയായി പിന്തുടരുമ്പോൾ

കാരണമന്വേഷിച്ച് നാം ചെല്ലേണ്ടത് എങ്ങോട്ടാണ്? എന്തുകൊണ്ടാണ് കോഴിക്കോട് ജില്ലയുടെ വടക്കൻ മലയോരത്ത് നിപക്ക് തുടർച്ചയുണ്ടാവുന്നത്?

ഇത് നാലാം തവണയാണ് കോഴിക്കോട് നിപ രോഗം റിപ്പോർട്ട് ചെയ്യുന്നത്. നാലുതവണയും അത് കോഴിക്കോട് ജില്ലയിലെ വടക്കൻ മലയോര മേഖലകളിലാണ് ഉണ്ടായത്. ഇന്ത്യയിൽ മറ്റെവിടേയെങ്കിലുമോ കേരളത്തിൽ തന്നെ മറ്റ് ജില്ലകളിലോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. മലപ്പുറം ഏറണാകുളം ജില്ലകളിൽ ചില കേസ്സുകൾ ഉണ്ടായിരുന്നെങ്കിലും ആദ്യ രോഗി (Index case) അവിടെയായിരുന്നില്ല. രോഗത്തിന്റെ പ്രഭവകേന്ദ്രം (Epicenter) കോഴിക്കോട് ജില്ലയിലെ വടക്കൻ മലയോര മേഖല ആകുന്നത് എന്തുകൊണ്ടാണ്? സ്വദേശികൾ തന്നെയായ Pteropus പഴം തീനി വച്ചാലുകളിൽ നിന്നാണ് രോഗം പകരുന്നതെന്ന് ഏറെക്കുറേ ഉറപ്പിക്കാമെങ്കിലും അവയെങ്ങിനെ മനുഷ്യരിലെത്തി രോഗകാരിയായിത്തീരുന്നു എന്നതു സംബന്ധിച്ച പഠനങ്ങൾ എങ്ങുമെത്തിയിട്ടില്ല. 2018 ൽ 17 പേരുടെ മരണത്തിനിടയാക്കിയ പൊട്ടിപ്പുറപ്പെടലിനെ (outbreak)ത്തുടർന്ന് 2019 ൽ നേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. അതനുസരിച്ച് 2018 ലെ രോഗികളിൽ നിന്ന് ശേഖരിച്ച വൈറസ്സുകളും ആ പ്രദേശത്തെ വവ്വാലുകളിൽ നിന്ന് കണ്ടെത്തിയ വൈറസ്സുകളും തമ്മിൽ 99.7 മുതൽ 100 ശതമാനം വരെ സാമ്യമുണ്ടായിരുന്നു. എന്നാൽ ബംഗ്ലാദേശിൽ രോഗകാരിയായ വൈറസ്സുകളുമായി ഇവക്ക് 96 ശതമാനം സാമ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റു രാജ്യങ്ങളിലെ വൈറസ്സുകളുമായി അത്ര പോലും സാമ്യമുണ്ടായിരുന്നില്ല. 52 Ptoropus വവ്വാലുകളിൽ പഠനം നടത്തിയതിൽ 25 ശതമാനത്തിലും (13എണ്ണം) വൈറസ്സ് സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടു. അപ്പോൾ പിന്നെ രോഗകാരിയായ വൈറസ്സിനെ അന്വേഷിച്ച് നാം മറ്റെവിടേയും പോകേണ്ടതില്ല. ഈ പ്രദേശത്തെ ജൈവ-ആവാസ ഘടനയിൽ വൈറസ്റ്റ് സാന്നിദ്ധ്യമുണ്ട് എന്നുറപ്പ്. എന്നാൽ കോഴിക്കോട് ജില്ലയുടെ മറ്റു ഭാഗങ്ങളിലോ കേരളത്തിലെ മറ്റുജില്ലകളിലോ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ വൈറസ്സിന്റെ സാന്നിദ്ധ്യം ഏത് വിധമാണ്? എന്തുകൊണ്ടാണ് അവിടങ്ങളിൽ വൈറസ്സുകൾ രോഗകാരികളാകാത്തത്? എന്തുകൊണ്ടാണ്ട് ഈ മേഖലയിൽ, ജനങ്ങളിലാകെ ഭീതി പടർത്തി തുടർച്ചയായ വർഷങ്ങളിൽ രോഗം പൊട്ടിപ്പുറപ്പെടുന്നത്, തുടങ്ങിയ അടിസ്ഥാനപരമായ പഠനങ്ങളൊന്നും ഇതുവരെ നടന്നതായി അറിവില്ല. അഥവാ അത്തരം പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതു സംബന്ധിച്ച വിവരങ്ങളൊന്നും പൊതുജനങ്ങളുടെ മുമ്പിലില്ല. 2018 ലാണ് ആദ്യത്തെ ഔട്ട്ബ്രേക്ക് ഉണ്ടായത്. അതു കഴിഞ്ഞ് വർഷം അഞ്ചായി. നാലുതവണ രോഗം ആവർത്തിച്ചു വന്നു. അപ്പോഴും 2018 ലെ ആദ്യരോഗി(index case) മുതൽ വൈറസ്സ് എങ്ങിനെ മനുഷ്യരിലെത്തി എന്ന് ഇതുവരെ കണ്ടെത്താൻ നമുക്ക് സാധിച്ചിട്ടില്ല. ഒരോ തവണ രോഗം പൊട്ടിപ്പുറപ്പെടുമ്പോഴും വലിയ പ്രഖ്യാപനങ്ങൾ മീഡിയാ ഗിമ്മിക്കുകൾ എന്നിവ അരങ്ങേറുന്നതല്ലാതെ നമ്മുടെ പഠനങ്ങൾ അല്പമെങ്കിലും മുന്നോട്ടു പോയതിന് ദൃഷ്ടാന്തങ്ങളില്ല.

കോവിഡിൽ മരണ നിരക്ക് കുറവാണെങ്കിലും പകർച്ചാതോത് വളരെ കൂടുതലാണ്. എന്നാൽ നിപയിൽ മരണനിരക്ക് 50 മുതൽ 75 ശതമാനം വരെയാണ്. അതിലും കൂടിയ സന്ദർഭങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസ്സ് തലച്ചോറിനേയും ശ്വാസകോശങ്ങളേയും ഹൃദയത്തേയുമൊക്കെ ഒരുപോലെ ബാധിക്കുന്നത് കൊണ്ടാണ് മരണ നിരക്ക് കൂടുന്നത്. ആകെക്കൂടി ആശ്വാസമുള്ളത് അതിന്റെ പകർച്ചാതോത് കോവിഡിനെ അപേക്ഷിച്ച് വളരെ കുറവാണ് എന്നതാണ്. വൈറസ്സ് രോഗങ്ങൾ മനുഷ്യരെ മരണത്തിലെത്തിക്കുന്നത് തടയാനുള്ള ശ്രമം നടക്കുന്നുണ്ട്. കോവിഡിനെ നേരിടേണ്ടി വന്നതിനെത്തുടർന്ന്, രോഗനിർണ്ണയത്തിനും തീവ്രപരിചരണ സൗകരങ്ങളൊരുക്കുന്നതിനുമൊക്കെ വേഗത കൈവരിച്ചിട്ടുണ്ട്. അപ്പോഴും വൈറോളജി പഠനങ്ങളുടെ അപര്യാപ്ത ഇപ്പോഴും മുഴച്ചു നിൽക്കുന്നു. രോഗം സ്ഥിരീകരിക്കുന്നതിനും നിപാ പ്രോട്ടോക്കോൾ അനുസരിച്ച എല്ലാ ചികിത്സാ സംവിധാനങ്ങളേയും ഏകോപിപ്പിക്കുന്നതിനും, ഇപ്പോഴും പൂനാ നേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെ തന്നെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ട്. അവരാകട്ടെ പലവിധ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. അത് സൃഷ്ടിക്കുന്ന പ്രയാസങ്ങൾ ചെറുതല്ല. ഇത്തവണ കോഴിക്കോട് മെഡിക്കൽ കോളേജിലെ പരിശോധനയിൽ തന്നെ നിപയാണ് എന്ന് ഏറെക്കുറേ സ്ഥിരീകരണമുണ്ടായതാണ്. അതനുസരിച്ചുള്ള നടപടി ക്രമങ്ങളും ആരോഗ്യവകുപ്പ് ആരംഭിച്ചിരുന്നു. എന്നാൽ പൂനയിൽ നിന്നുള്ള റിപ്പോർട്ട് വന്ന ശേഷമേ നിപാ പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഏകോപനം സാദ്ധ്യമാകൂ എന്ന അവസ്ഥ ഉണ്ടായി. അവരാകട്ടെ കേരളത്തിൽ നിന്ന് അയച്ചു കൊടുത്ത സാമ്പിൾ പരിശോധനാ ഫലം സംസ്ഥാന സർക്കാരിനെ അറിയിക്കുന്നതിന് പകരം കേന്ദ്ര ആരോഗ്യമന്ത്രിക്ക് കൈമാറി അദ്ദേഹത്തെ കൊണ്ട് പത്രസമ്മേളനം നടത്തിക്കാനാണ് ഉത്സാഹം കാട്ടിയത്. അതു പൂർത്തിയായ ശേഷം മാത്രമാണ് സംസ്ഥാനത്തിന് ഫലം കൈമാറിയത്. തിരുവനന്തപുരം തോന്നക്കലിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (Institute of advanced virology) എന്ന സ്ഥാപനം ഏറെക്കുറെ പ്രവർത്തന സജ്ജമാണെങ്കിലും അംഗീകാരം വാങ്ങിയെടുക്കുന്നതിൽ ജാഗ്രതയോടെ
പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരും ജാഗ്രത കാണിച്ചിട്ടില്ല. പൂനയിലേക്ക് സാമ്പിൾ അയക്കുന്നതോടൊപ്പം തോന്നക്കലിലേക്കും സാമ്പിൾ നൽകിയിരുന്നെങ്കിൽ 24 മണിക്കൂറിനകം ഫലം ലഭ്യമാകുമായിരുന്നെന്ന അഭിപ്രായം ഡോക്ടർമാർക്കിടയിൽ തന്നെയുണ്ട്.

കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈറോളജി പഠനകേന്ദ്രം സ്ഥാപിക്കാൻ തീരുമാനമെടുത്തിട്ട് വർഷങ്ങളായി. കെട്ടിടത്തിന്റെ പണികളൊക്കെ അവസാന ഘട്ടത്തിലെത്തി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഒച്ചിഴയുന്ന വേഗത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യുന്ന ഒരു ജില്ല എന്ന നിലയിൽ ഈ സ്ഥാപനത്തിന്റെ നിമ്മാണവും ഇടപെടലുകളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. കൃത്യതയും തുടർച്ചയുമുള്ള, നിരന്തരമായി പ്രവർത്തിക്കുന്ന എപ്പിഡമിയോളജി, എക്കോളജി, വൈറോളജി, ജീനോമിക്സ് (Epidamiology, Ecology, Virology, Jeanomics) പഠന കേന്ദ്രമായി അതിനെ വളർത്തിയെടുക്കാനായെങ്കിലേ ഇന്നും ഉത്തരം കാട്ടാതെ നമ്മുടെ മുമ്പിലവശേഷിക്കുന്ന പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനാകൂ. കക്ഷിരാഷ്ടീയ താൽപ്പര്യങ്ങൾക്കുപരി ഒരു ജനതയെ ഭീതിയില്ലാതെ ജീവിക്കാൻ പ്രാപ്തമാക്കുന്നതിന് ഇത്തരം മുൻ കൈകൾ അനിവാര്യമാണ്. മനുഷ്യരുടെ തലച്ചോറിനെ ബാധിക്കുന്ന പലതരം വൈറസ്സ് രോഗങ്ങളുടെ (Encephalitis) കാരണം കണ്ടെത്താനാവാതെ നിസ്സാഹയരായി മരണത്തെ ഏറ്റുവാങ്ങുവാൻ വിധിക്കപ്പെട്ടവരാണ് നാമിപ്പോഴും എന്ന കാര്യം ഭരണാധികാരികൾ മറന്നുപോകരുത്.

ഇത്തരം ശാസ്ത്രീയ പഠനങ്ങളും ചികിത്സകളും കൊണ്ട് മാത്രം നമുക്ക് വൈറസ്സ് രോഗങ്ങളെ നേരിടാനാകുമെന്ന് കരുതുന്നത് അസംബന്ധമാണ്. ശാസ്ത്ര മൗഢ്യങ്ങൾ എന്നാണ് ഒ വി വിജയൻ അതിനെ പരിഹസിച്ചത്. ഭൂമിയിൽ മനുഷ്യർക്ക് മാത്രമായി അപ്രമാദിത്തമൊന്നുമില്ല. മറ്റ് സസ്യ-ജന്തു-സൂഷ്മ-ജീവജാലങ്ങളോടൊപ്പം മാത്രമേ മനുഷ്യർക്കും ഈ ഭൂമിയിൽ ജീവിക്കാൻ കഴിയൂ. ഇത്തരം ഒരു ശാസ്ത്രീയ പ്രപഞ്ച വീക്ഷണം/പപാരിസ്ഥിതിക അവബോധം മനുഷ്യർക്കുണ്ടാവണം. ഈ ഭൂമിയും പ്രപഞ്ചവും മനുഷ്യർക്ക് വേണ്ടി ദൈവം സൃഷ്ടിച്ചതാണെന്നും മനുഷ്യർക്ക് സുഖിക്കാനുള്ള വിഭവങ്ങളാണ് പ്രഞ്ചത്തിലുള്ളതെന്നുമുള്ള പ്രാകൃത മതബോധം കയ്യൊഴിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മനുഷ്യനുണ്ടാകുന്നതിനും എത്രയോ ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ വവ്വാലുകളും മറ്റ് ജീവജാലങ്ങളുമുണ്ട്. താരതമ്യേന ഏറ്റവും അവസാന കാലത്ത് മാത്രം ഭൂമിയിൽ രൂപം കൊണ്ട ജീവിയാണ് മനുഷ്യൻ. കഴിഞ്ഞ് പോയ യുഗങ്ങളിൽ മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങൾ ഭൂമിയിൽ നശിച്ചു പോയിട്ടുണ്ടാവും. അതേ പോലെ പാരിസ്ഥിതിക പ്രതിസന്ധികളുടെ ആകെത്തുകയിൽ ഭൂമിയിലെ മനുഷ്യകുലം ഒരുമിച്ചോ, ഭാഗികമായോ നശിച്ചു പോയാലും ഒന്നും സംഭവിക്കാനില്ല. അതായത് ഭൂമിയിലെ അനിവാര്യമായ ഒരു ജീവിയൊന്നുമല്ല മനുഷ്യൻ. ജൈവമണ്ഡലത്തെയാകെ നശിപ്പിച്ച് മനുഷ്യന് മാത്രമായി ലോകത്ത് നിലനിൽക്കാനാവില്ല. സൂഷ്മജീവികളും ജന്തുസസ്യജാലങ്ങളും എല്ലാ മടങ്ങിയ ജൈവമണ്ഡലത്തിന് ഒരുമിച്ചുള്ള ഒരു സഹജീവനവും അതിജീവനവും മാത്രമേ സാദ്ധ്യമാകൂ. അത് കൊണ്ടാണ് ‘ഏക ലോകം ഏകാരോഗ്യം’ എന്നൊരു മുദ്രാവാക്യം ഐക്യരാഷ്ട്ര സംഘടന മുന്നോട്ടു വെക്കുന്നത്. അത്തരം പ്രസ്ഥാനങ്ങൾക്ക് പുരോഗമന വാദികൾ ജന്മം കൊടുക്കുന്നത്.

ഭൂമുഖത്ത് മനുഷ്യരെത്തുന്നതിന് ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഉണ്ടായിരുന്ന ജീവികളാണ് വവ്വാലുകൾ. അവയുടെ ശരീരത്തിലും വായിലും മഹാമാരികൾ പടർത്താൻ ശേഷിയുള്ള നിപ ഉൾപ്പെടെയുള്ള ധാരാളം വൈറസ്സുകളുണ്ട്. വവ്വാലുകളിൽ മാത്രമല്ല മറ്റ് ജീവികളിലും ഇത്തരം സൂഷ്മ ജീവി സാന്നിദ്ധ്യമുണ്ട്. മനുഷ്യന്റെ പ്രവൃത്തികൾ നിമിത്തം വവ്വാലുകളുടെ ആവാസ വ്യവസ്ഥകൾ തകരുകയും അവയുടെ നിലനിൽപ്പ് വെല്ലുവിളിക്കപ്പെടുകയും ചെയ്തതിനെ തുടർന്ന്, നാലഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് മാത്രമാണ് നിപ, വവ്വാലിന്റെ ശരീരം വിട്ടിറങ്ങി മറ്റ് ജീവജാലങ്ങളിലേക്കും മനുഷ്യരിലേക്കും മാരക രോഗങ്ങളുമായി കുടിപാർപ്പ് ആരംഭിച്ചത്. മനുഷ്യന്റെ ഇടപെടൽ മൂലം കാലാവസ്ഥ തകിടം മറിഞ്ഞപ്പോഴുണ്ടായ ഒരു പ്രതിഭാസമാണ് എൽനിനോ. 1997 ൽ ഈ പ്രതിഭാസം മൂലം മാലേഷ്യയിലെ കാടുകൾ വലിയ തോതിൽ കരിഞ്ഞുണങ്ങി. ജീവജാലങ്ങൾ വൻ തോതിൽ ചത്തൊടുങ്ങി. അതിജീവനത്തിനുള്ള മാർഗ്ഗമന്വേഷിച്ച വവ്വാലുകളിൽ ഒരു കൂട്ടം താഴ്വാരങ്ങളിലെ കൃഷിസ്ഥലങ്ങളിലെത്തി. കാട്ടിലെ പഴങ്ങൾക്ക് പകരം മനുഷ്യൻ കൃഷി ചെയ്യുന്ന പഴങ്ങൾ ഭക്ഷിച്ച് അതിജീവിക്കാൻ ശ്രമിച്ചു. കാട്ടിലെ സുരക്ഷിത ജീവിതത്തിൽ നിന്ന് നാട്ടിലെ അരക്ഷിത ജീവിതത്തിലേക്കെത്തിയ വവ്വാലുകൾ വലിയ തോതിൽ പിരിമുറുക്കം അനുഭവിച്ചാണ് കഴിഞ്ഞു കൂടിയത്. ഈ സമയത്ത് അവയുടെ ശരീര ശ്രവങ്ങളിലുണ്ടായിരുന്ന നിപ വൈറസ്സുകൾ മനുഷ്യരുടെ വളർത്തുമൃഗങ്ങളായ പന്നികളിലെത്തി. പന്നികളിൽ നിന്ന് മനുഷ്യരിലെത്തുകയും അവരിൽ നിപ രോഗം ഉണ്ടാകുകയും ചെയ്തു. ആദ്യഘട്ടത്തിൽ തന്നെ ഇരുന്നൂറോളം പേർക്ക് രോഗം വരികയും അതിൽ പകുതിയിലധികം പേർ മരണപ്പെടുകയും ചെയ്തു. 1998ലായിരുന്നു ഇത്. ഇതിന് സമാനമായ സഹചര്യങ്ങളിലാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ ബംഗ്ലാദേശിലും തൊട്ടടുത്ത ഇന്ത്യൻ ഗ്രാമങ്ങളിലും രോഗം പടർന്നത്.

കേരളത്തിലും ഇന്നത്തെ നില വ്യത്യസ്ഥമല്ല. നമ്മുടെ വനപ്രദേശങ്ങളിലും സമാനസാഹചര്യങ്ങളിലുള്ള നാട്ടിൻ പുറത്തെ കാവുകളിലും മരങ്ങളിലുമൊക്കെ അല്ലലില്ലാതെ ജീവിച്ച സാധുജീവികളാണ് പഴംതീനി വവ്വാലുകൾ. വനനശീകരണവും നാട്ടിൻ പുറത്തേ കാവുകളുടെ നാശവും പലതരം വികസന പ്രവർത്തനങ്ങളുടെ പേരിൽ വൻമരങ്ങൾ ഇല്ലാതാവുന്നതുമൊക്കെ അവയുടെ ജീവിതത്തെ അരക്ഷിതമാക്കുന്നു. ആഗോളതാപനം ജനസംഖ്യാ വർദ്ധനവ്, മനുഷരുടെ കടന്നു കയറ്റങ്ങൾ എല്ലാം വവ്വാലുകളുടെ നിലനില്പിനെ തന്നെ വെല്ലുവിളിക്കുന്നു. ഈ സഹചര്യങ്ങളിലാണ് രോഗം ഒഴിയാബാധയായി നമ്മുടെ മലയോര പ്രദേശങ്ങളിലെത്തുന്നത്. എന്തുകൊണ്ട് ഒരു പ്രത്യേക ഇടത്തിൽ രോഗം ആവർത്തിക്കുന്നു എന്നത് കണ്ടെത്തേണ്ട കാര്യമാണ്. അത് ചെയ്യണ്ടത് ഭരണാധികാരികളാണ്. പക്ഷേ പരിസ്ഥിതി സംരക്ഷണം ജനതയുടെ ഉത്തരവാദിത്തമാണ്. വവ്വാലുകളെ നശിപ്പിക്കാൻ ശ്രമിക്കരുത്. അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുക. തൽക്കാലം അവയിൽ നിന്ന് അകലം പാലിക്കാം. അപ്പോഴും അവയുടെ സുരക്ഷിതത്തം ഉറപ്പുവരുത്താൻ കഴിയുംവിധം വനം/കാവ് ആവാസ വ്യവസ്ഥകൾ സംരക്ഷിക്കണം. ബോധപൂർവ്വം അവ വളർത്തിയെടുക്കണം.

– എൻ വി ബാലകൃഷ്ണൻ

Comments
error: Content is protected !!