DISTRICT NEWSLOCAL NEWSTHAMARASSERI

നിയമകുരുക്കുകളെ തുടർന്ന് അടിവാരത്ത് തടഞ്ഞിട്ട ഭീമൻ യന്ത്രങ്ങൾ കയറ്റിയ കൂറ്റൻ ട്രക്കുകൾ താമരശ്ശേരി ചുരം കയറി

നിയമകുരുക്കുകളെ തുടർന്ന് 104 ദിവസം അടിവാരത്ത് തടഞ്ഞിട്ട ഭീമൻ യന്ത്രങ്ങൾ കയറ്റിയ കൂറ്റൻ ട്രക്കുകൾ താമരശ്ശേരി ചുരം കയറി. വൻ സന്നാഹങ്ങളുടെ അകമ്പടിയിലാണ് നഞ്ചൻകോട് നെസ്ലെ ഫാക്ടറിയിലേക്കുള്ള ഭീമൻ യന്ത്രങ്ങളുമായി ചുരം കയറിയത്. ഇതോടെ താമരശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത തടസങ്ങൾ ഒഴിവായി.

ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതിനാൽ വിജനമായിക്കിടന്ന ദേശീയപാതയിലേക്കാണ് വ്യാഴാഴ്ച രാത്രി രണ്ടു ട്രെയ്‌ലറുകളും പ്രവേശിച്ചത്. ജില്ലാഭരണകൂടത്തിന്റെ മേൽനോട്ടത്തിലുള്ള വിദഗ്ധസമിതിയുടെ നേതൃത്വത്തിലായിരുന്നു യാത്രാദൗത്യം. മൂന്നുമാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ട ട്രെയ്‌ലറുകളുടെ തുടർയാത്രയ്ക്ക് സാക്ഷ്യംവഹിക്കാൻ വൻ ജനാവലിയാണ് എത്തിയത്.

രാത്രി 10.50 നാണു ഭീമൻ യന്ത്രങ്ങളും വഹിച്ച് ട്രക്കുകൾ അടിവാരത്ത് നിന്ന് പുറപ്പെട്ടത്. മുന്നിലും പിറകിലുമായി മൂന്ന് ക്രെയ്‌നുകൾ, ഐ സി യു സംവിധാനമുള്ള ആംബുലൻസുകൾ, മുക്കം അഗ്നിരക്ഷാസേനയുടെ ഒരു ഫയർടെൻഡർ, ഫോക്കസ് ലൈറ്റുകൾ ഇരുവശങ്ങളിലും ഘടിപ്പിച്ച ഗുഡ്സ് ഓട്ടോ, ജനറേറ്റർ വഹിച്ചുള്ള പിക്കപ്പ് വാൻ, പോലീസ്-ആർ ടി ഒ -ഫോറസ്റ്റ്-പി ഡബ്ല്യു ഡി അധികൃതരുടെ വാഹനങ്ങൾ, ചുരംസംരക്ഷണസമിതി പ്രവർത്തകർ, നാട്ടുകാർ എന്നിവർ ട്രെയ്‌ലറുകൾക്ക് അകമ്പടിയായി.

ചുരം വഴിയുള്ള മറ്റ് വാഹനങ്ങളുടെ യാത്ര വഴിതിരിച്ച് വിട്ടായിരുന്നു ട്രക്കുകൾക്ക് വഴിയൊരുക്കിയത്. മൂന്ന് മണിക്കൂറിനൊടുവിൽ മൂന്ന് മണിക്കൂർ പിന്നിട്ട് പുലർച്ചെ 2.10 ഓടെ ട്രെയിലറുകൾ വയനാട് ലക്കിടിയിലെത്തി.

കർണാടകയിലെ നഞ്ചൻകോടുള്ള നെസ്ലെ ഫാക്ടറിയിലേക്ക് പാൽപ്പൊടി മിക്സിംഗ് യൂണിറ്റായിരുന്നു രണ്ട് ഭീമൻ യന്ത്രങ്ങൾ. കൊറിയയിൽ നിന്ന് ചെന്നെയിലെത്തിയ യന്ത്രങ്ങൾ നഞ്ചൻകോടെത്തിക്കേണ്ടതിൻറെ ഉത്തരവാദിത്വം അണ്ണാമലൈ ട്രാൻസ്പോർട്ടിനായിരുന്നു. ട്രക്കുകൾ കടന്നുപോകുമ്പോൾ നാശനഷ്ടങ്ങളുണ്ടാകുമെന്ന അടിസ്ഥാനത്തിൽ 20 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അണ്ണാമലൈ ട്രാൻസ്പോർട്ട് സർക്കാറിൽ കെട്ടിവച്ചതോടെയാണ് ചുരം കടക്കാൻ അനുമതിയായത്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button