നിയമസഭാ കയ്യാങ്കളിക്കേസില്‍ കുറ്റം നിഷേധിച്ച് പ്രതികൾ
നിയമസഭാ കയ്യാങ്കളിക്കേസില്‍ കുറ്റം നിഷേധിച്ച് പ്രതികൾ. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹാജരായി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് ഹാജരായില്ല. അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ ഹാജരാകാനാകില്ലെന്ന് അറിയിച്ചിരുന്നു.
കുറ്റപത്രം പ്രതികളെ വായിച്ചുകേള്‍പ്പിച്ചു. കേസ് 26ലേക്ക് മാറ്റി. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്. രേഖയാണ് കേസ് പരിഗണിച്ചത്. കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജിയും പ്രതികളുടെ വിടുതല്‍ ഹരജിയും മേല്‍ക്കോടതികള്‍ തള്ളിയതോടെയാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്.
കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണോ എന്ന് വായിച്ചുകേട്ടശേഷം പറയാമെന്ന് മന്ത്രി വി.ശിവന്‍കുട്ടി കേടതിയിൽ ഹജരാകാനെത്തിയപ്പോൾ പ്രതികരിച്ചു. ശിവന്‍കുട്ടി ഉള്‍പ്പെടെ ആറു പ്രതികളും ഇന്നു കോടതിയില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. 2015 ല്‍ കെ എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ അതിക്രമം നടത്തി രണ്ടരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.