നിയമസഭാ സമ്മേളനം 23 മുതൽ; ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ തീരുമാനം
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ തുടങ്ങിയവരാണ് മന്ത്രിസഭാ ഉപസമിതിയിലെ അംഗങ്ങൾ. സഭാ സമ്മേളനം എത്ര ദിവസം നീണ്ടുനിൽക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മാർച്ച് 31നകം സമ്പൂർണ്ണ ബജറ്റ് പൂർത്തിയാക്കി സഭ സമ്മേളനം പിരിയാനാണ് സർക്കാർ ആലോചിക്കുന്നത്.
സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോരിൽ അയവ് വന്നതോടെയാണ് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ജനുവരി 23ന് സഭാ സമ്മേളനം ആരംഭിക്കാൻ തീരുമാനമായത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കാൻ നേരത്തെ തന്നെ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയോഗിച്ചിരുന്നു. അതിന് പിന്നാലെയാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കാൻ മന്ത്രിസഭ ഉപസമിതിയെ കൂടി ചുമതലപ്പെടുത്തിയത്. നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനായിരുന്നു നേരത്തെ സർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതി നൽകിയതിന് പിന്നാലെയായിരുന്നു ബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കാമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചത്.