നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് നടപടി. തുടര്‍ നടപടികളെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി.മൗലികാവകാശം ലംഘിക്കപ്പെട്ടാല്‍ പരമോന്നത കോടതിയെ സമീപിക്കാമെന്നതാണ് ഭരണഘടനയിലെ 32-ാം അനുച്ഛേദത്തിലെ വ്യവസ്ഥയിന്‍മേലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
നയപരമായ തീരുമാനമനുസരിച്ചുള്ള ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടുകയോ തിരിച്ചയയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. മന്ത്രിമാര്‍ നേരിട്ടു ഹാജരായി വ്യക്തത വരുത്തിയിട്ടും നടപടിയെടുത്തിട്ടില്ല. ബില്ലുകള്‍ ഒപ്പിടാനുണ്ടെന്ന് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി രണ്ടുതവണ ഗവര്‍ണര്‍ക്കു കത്തയച്ചിട്ടും മറുപടി ലഭിക്കാത്തത് സര്‍ക്കാരിന് കോടതിയെ സമീപിക്കാനുള്ള സാധൂകരണവുമാവും.
എട്ടു ബില്ലുകളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാനുള്ളത്. ഇതില്‍ ലോകായുക്ത നിയമഭേദഗതി, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കല്‍, വൈസ് ചാന്‍സലര്‍ നിയമനത്തിന് സര്‍ക്കാരിനു മുന്‍തൂക്കം ലഭിക്കുന്ന അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിക്കുള്ള സര്‍വകലാശാലാ ഭേദഗതി എന്നീ സുപ്രധാന ബില്ലുകളില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍.