CALICUTMAIN HEADLINES

തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍- ഗൃഹസന്ദര്‍ശനത്തിന് സ്ഥാനാര്‍ഥിയടക്കം അഞ്ചുപേര്‍ മാത്രം മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

കോഴിക്കോട്‌: കോവിഡ് പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട്  രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും പാലിക്കേണ്ട മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. പ്രചാരണ സമയങ്ങളില്‍ ഗൃഹസന്ദര്‍ശനത്തിന് സ്ഥാനാര്‍ഥിയടക്കം അഞ്ചു പേര്‍ മാത്രമേ പാടുള്ളു. വീടുകള്‍ക്കകത്തേക്ക് പ്രവേശിക്കാനും പാടില്ല. മാസ്‌ക്, ശാരീരിക അകലം എന്നിവ കര്‍ശനമായി പാലിക്കണം.

]മാസ്‌ക് മുഖത്ത് നിന്ന് താഴ്ത്തി ആരെയും അഭിമുഖീകരിക്കരുത്. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്താന്‍ പാടില്ലാത്തതും സാനിറ്റൈസര്‍ കൃത്യമായ ഇടവേളകളില്‍ ഉപയോഗിക്കേണ്ടതുമാണ്. ക്വാറന്റൈനിലുള്ള വീടുകളിലും കോവിഡ് രോഗികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, ഗുരുതര രോഗബാധിതര്‍ എന്നിവരുള്ള വീടുകളിലും പ്രചാരണം നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ജനങ്ങളുമായി ഇടപഴകുമ്പോള്‍ ശാരീരിക അകലം പാലിക്കുകയും മാസ്‌ക് കൃത്യമായി ധരിക്കുകയും വേണം.  മാസ്‌ക്, കൈയ്യുറകള്‍ എന്നിവ കോവിഡ്മാനദണ്ഡപ്രകാരം സംസ്‌ക്കരിക്കുന്നതിന് ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.
യോഗങ്ങള്‍ നടത്തുന്ന  ഹാളുകളിലും/ മുറിയുടെ കവാടത്തിലും സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം. കഴിയുന്നതും വലിയ ഹാള്‍ കണ്ടെത്തുകയും എ.സി. പ്രവര്‍ത്തിപ്പിക്കാതിരിക്കുകയും ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തുകയും വേണം. കൈ കഴുകാനുള്ള സൗകര്യം, വിശ്രമ മുറി, ശൗചാലയം എന്നിവിടങ്ങളില്‍ സോപ്പും വെള്ളവും ഉറപ്പുവരുത്തുകയും അണുനശീകരണം നടത്തുകയും ചെയ്യേണ്ടതാണ്.
പനി, ചുമ, ജലദോഷം എന്നിവയുള്ളവര്‍ പ്രചാരണത്തിന് പോകരുത്. ജാഥകളും പൊതുയോഗങ്ങളും  കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാത്രം നടത്തണം. പൊതുയോഗത്തിനുള്ള മൈതാനത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക കവാടങ്ങള്‍ ഒരുക്കണം. മൈതാനങ്ങളില്‍ ശാരീരിക അകലം പാലിക്കുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തണം. പൊതുയോഗങ്ങളില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തുകയും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം ഉറപ്പുവരുത്തുകയും വേണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button