നിലമ്പൂരില്‍ കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണം പിടികൂടി
മലപ്പുറം നിലമ്പൂരില്‍ കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി അഹമ്മദ് സക്കീര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് വാഹന പരിശോധനയില്‍ 96,29,500 രൂപയുടെ കുഴല്‍പ്പണം നിലമ്പൂര്‍ പൊലീസും ജില്ലാ മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു വാഹന പരിശോധന. കാറിന്റെ പിന്‍ സീറ്റില്‍ രഹസ്യ അറയുണ്ടാക്കി അതില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. 500 രൂപയുടെ കെട്ടുകളാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ കാറില്‍ ഉണ്ടായിരുന്ന കല്‍പ്പകഞ്ചേരി സ്വദേശി കള്ളിയത് അഹമ്മദ് സക്കീറിനെ പൊലീസ് അറസ്റ്റു ചെയ്തു.
ഇയാള്‍ക്ക് എവിടെ നിന്നാണ് പണം ലഭിച്ചത്, എങ്ങോട്ടാണ് പണം കൊണ്ട് പോകുന്നത് തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. പണം ഹവാല ഇടപാടിനായി എത്തിച്ചതാണ് എന്നാണ് പൊലീസ് നിഗമനം. പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കും. ആദായ നികുതി വകുപ്പിനും ഇഡിക്കും റിപ്പോര്‍ട്ട് നല്‍കുമെന്നും പൊലീസ് അറിയിച്ചു.