CRIME
നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നെട്ടൂര്‍ രാജ്യാന്തര പച്ചക്കറി മാര്‍ക്കറ്റിന് സമീപമുള്ള കിങ്‌സ് പാര്‍ക്ക് റസിഡന്റ്‌സില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെണ് സംഭവം. പാലക്കാട് കൊടുന്തരപ്പുള്ളി കാടൂര്‍ പിരിയാരി വടേശ്ശേരിത്തൊടി അജയ് യാണ് (25) കൊല്ലപ്പെട്ടത്. കേസില്‍ പാലക്കാട് പുതുശേരി തെക്കേത്തറ കളത്തിവീട് സുരേഷിനെ (32) പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രിയോടെ സുരേഷ് ഭാര്യയുമായെത്തി. ഭാര്യയെ കാറില്‍ ഇരുത്തി ഇവരുടെ ഫോണില്‍ നിന്ന് അജയിനെ വിളിച്ചു. അജയ് എടുത്തിരുന്ന ലോഡ്ജ് മുറിയിലേക്ക് എത്തി. സുരേഷും അജയ്യുമായി മുറിയില്‍വെച്ച് വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. സുരേഷ് വീല്‍ സ്പാനര്‍ ഉപയോഗിച്ച് അജയ്യുടെ തലയ്ക്കടിച്ചു. മുറിയില്‍വെച്ച് അടിയേറ്റ് ഓടിയ യുവാവ് മാര്‍ക്കറ്റ് റോഡില്‍ വീണ് മരണപ്പെടുകയായിരുന്നു. പനങ്ങാട് പോലീസ് സ്ഥലത്തെത്തി സുരേഷിനെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കും. അജയ്യുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Comments