നെല്ല്യാടി ലെഷർ ടൂറിസം പദ്ധതി നാടിനു സമർപ്പിച്ചു
കൊയിലാണ്ടി നഗരസഭയിലെ നെല്ല്യാടി ലെഷർ ടൂറിസം പദ്ധതി നാടിനു സമർപ്പിച്ചു. നെല്ല്യാടി പുഴയും ഇരുകരകളിലുമുള്ള നാടുകളും കൊയിലാണ്ടിയുടെ പൈതൃക സംസ്കാരവും സഞ്ചാരികളിലേക്ക് എത്തിക്കുന്ന കോഴിക്കോട് ലെഷർ ടൂറിസം പദ്ധതി നെല്ല്യാടി പുഴയുടെ തീരത്തെ കൊടക്കാട്ടുംമുറിയിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. ടൂറിസം രംഗത്ത് ജില്ലയിലെ തന്നെ വിപ്ലവകരമായ നേട്ടമാണ് നെല്ല്യാടി ലെഷർ ടൂറിസം പദ്ധതിയെന്നും ഗ്രാമീണ ഉത്തരവാദിത്ത ടൂറിസം സഞ്ചാരികൾക്ക് കൗതുകകരമായ അനുഭവമായിരിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു.
കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. ലെഷർ ടൂറിസം പദ്ധതി ചെയർമാൻ കെ ടി രഘുനാഥൻ പദ്ധതി പരിചയപ്പെടുത്തി. ആംഫി തിയറ്റർ ഗായകൻ സുനിൽകുമാറും ശിക്കാര ബോട്ട് നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ടും വെബ്സൈറ്റ് നഗരസഭ ഉപാധ്യക്ഷൻ കെ.സത്യനും സ്പീഡ് ബോട്ട് മുൻ എംഎൽഎ കെ.ദാസനും പെഡൽ ബോട്ട് നഗരസഭ കൗൺസിലർ വലിയാട്ടിൽ രമേശനും കയാക്കിങ് താഴെകൊന്നം കണ്ടി നാരായണനും ഉദ്ഘാടനം ചെയ്തു.
നെല്ല്യാടി ടൂറിസം ക്ലബ് സെക്രട്ടറി എ ഡി ദയാനന്ദൻ, നഗരസഭ സ്ഥിരം അധ്യക്ഷരായ ഇ കെ അജിത്ത്, കെ പ്രജില, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ, മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ, കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമല, കൗൺസിലർ കെ കെ വൈശാഖ്, ഡോ.ഗോപിനാഥൻ, പി പി സിജീഷ്, പി എം സൗമിനി എന്നിവർ പ്രസംഗിച്ചു. ബോട്ട് യാത്ര, കയാക്കിങ്, ആംഫി തിയറ്റർ, മാജിക് ഷോ, മാർഷ്യൽ ആർട്സ് – കളരിപ്പയറ്റ്, പുഴയോര റസ്റ്ററന്റ് തുടങ്ങി വൈവിധ്യമാർന്ന വിനോദ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.