നെഹ്റു ട്രോഫി വള്ളംകളി നാളെ
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ണമായി. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ അഞ്ചു മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേണ്‍ എയര്‍ കമാന്റിങ് ഇന്‍ ചീഫ് എന്നിവരും ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുക്കും. രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ, ട്രാഫിക് വിന്യസിക്കും.പുന്നമട കായലില്‍ രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലുമുതലാണ് ഫൈനല്‍ മത്സരങ്ങള്‍.ചുണ്ടന് വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ആദ്യ നാലു ഹീറ്റ്സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സില്‍ മൂന്നു വള്ളങ്ങളുമാണ് മത്സരിക്കുക.
മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. ഒന്‍പത് വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന് വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണവും വൻ സുരക്ഷയുമൊരുക്കി പൊലീസ്. പുന്നമടഭാഗം പൂർണമായും സി.സി ടി.വി കാമറ നിരീക്ഷണത്തിലായിരിക്കും. ശനിയാഴ്ച രാവിലെ ആറ് മുതൽ രാത്രി എട്ടുവരെ ജലമേള നടക്കുന്ന ട്രാക്കിന് 100 മീറ്റർ ചുറ്റളവിൽ ഡ്രോൺ കാമറകൾ നിരോധിച്ചു. മത്സരസമയം അധികൃതരുടെ അനുവാദമില്ലാതെ ഡ്രോണുകള്‍ ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
മാല മോഷണം, പോക്കറ്റടി, മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഷാഡോ പൊലീസും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുമുണ്ടാകും. വള്ളംകളിയുടെ നിയമാവലികള്‍ അനുസരിക്കാത്ത വള്ളങ്ങളെയും അതിലുള്ള തുഴക്കാരെയും കണ്ടെത്തുന്നതിനും മറ്റ് നിയമലംഘകരെ കണ്ടെത്തുന്നതിനും വിഡിയോ കാമറകൾ സജ്ജമാക്കിയിട്ടുണ്ട്. പാസ്, ടിക്കറ്റ് എന്നിവയുമായി പവിലിയനില്‍ പ്രവേശിച്ചാൽ വള്ളംകളി തീരുന്നതിനുമുമ്പ് പുറത്തുപോയാല്‍ പിന്നീട് തിരികെ പ്രവേശിപ്പിക്കില്ല.
രാവിലെ എട്ടിനുശേഷം ഒഫീഷ്യല്‍സിന്റെ അല്ലാത്ത ബോട്ടുകളും സ്പീഡ് ബോട്ടുകളും വള്ളങ്ങളും മത്സരട്രാക്കില്‍ പ്രവേശിക്കാന്‍ പാടില്ല. അപ്രകാരം പ്രവേശിക്കുന്ന വള്ളങ്ങളെ പിടിച്ചുകെട്ടി നിയമനടപടി സ്വീകരിക്കും. ജലയാനങ്ങളുടെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും മൂന്ന് വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്യും.അനൗൺസ്മെന്റ്, പരസ്യ ബോട്ടുകള്‍ എന്നിവ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കാൻ പാടില്ല. രാവിലെ 10നുശേഷം ഡി.ടി.പി.സി ജെട്ടിമുതല്‍ പുന്നമടക്കായലിലേക്കും തിരിച്ചും ബോട്ട് സർവിസ് നടത്താൻ അനുവദിക്കില്ല.