നോമ്പുതുറക്ക് നേന്ത്രപ്പഴവും പഴം നിറച്ചതുമൊന്നും കണ്ടില്ലങ്കിൽ പരിതപിക്കരുത്
കല്‍പറ്റ: റംസാൻ വിപണിയിൽ നേന്ത്രക്കായ വില ഉയരുന്നു. വിപണികളില്‍ ലഭ്യത കുറഞ്ഞതോടെ വയനാട്ടില്‍ വില ഉയരുന്നതിനെത്തുടർന്നാണിത്. കിലോഗ്രാമിനു 48 രൂപ വരെ വിലയ്ക്കാണ് കര്‍ഷകര്‍ ഇന്നലെ നേന്ത്രക്കുല വിറ്റത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ അവസാനം കിലോഗ്രാമിനു 22 രൂപയായിരുന്നു കായ് വില.
ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ മാസങ്ങളില്‍ കിലോഗ്രാമിനു 12-18 രൂപയായിരുന്നു ജില്ലയില്‍ വില. ഇപ്പോള്‍ മെച്ചപ്പെട്ട വിലയുണ്ടെങ്കിലും കൃഷിക്കാര്‍ തൃപ്തരല്ല. വിളവെടുത്തു വില്‍ക്കാന്‍ കുലകള്‍ ഇല്ലാത്ത അവസ്ഥയിലാണ് വാഴകൃഷിക്കാരില്‍ അധികവും.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിപണയില്‍ നേന്ത്രക്കുല വരവ് മൂന്നിലൊന്നായി കുറഞ്ഞെന്നു കച്ചവടക്കാര്‍ പറയുന്നു. നഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകരില്‍ ചിലര്‍ വാഴകൃഷിയില്‍നിന്നു പിന്‍വാങ്ങിയതും വേനല്‍മഴയിലും കാറ്റിലും കുലച്ചതടക്കം വാഴകള്‍ വന്‍തോതില്‍ ഒടിഞ്ഞുനശിച്ചതുമാണ് വാഴക്കുല സപ്ലൈ കുറയാന്‍ കാരണം. കൃഷി വകുപ്പിന്റെ കണക്കനുസരിച്ചു ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 12,000 ഹെക്ടറിലായിരുന്നു വാഴകൃഷി. ഈ വര്‍ഷം കൃഷിയിറക്കിയ ഭൂമിയുടെ അളവില്‍ 2,000 ഓളം ഹെക്ടറിന്റെ കുറവുണ്ടായി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കാറ്റിലും മഴയിലും 311 ഹെക്ടര്‍ വാഴകൃഷി നശിച്ചതായാണ് കണക്ക്. 30.5 കോടി രൂപയാണ് കര്‍ഷകര്‍ക്കുണ്ടായ നഷ്ടം. റംസാന്‍ കാലത്തു സംസ്ഥാനത്തിനു അകത്തും പുറത്തും നേന്ത്രക്കുല ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്. സമീപ ദിവസങ്ങളില്‍ നേന്ത്രക്കായ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടല്‍.