CALICUTDISTRICT NEWS

പക്ഷിപ്പനി: വളർത്തു പക്ഷികളെ കൊല്ലുന്ന ദൗത്യം പൂർത്തിയായി; അണുനശീകരണം തുടരും


വേങ്ങേരി, വെസ്റ്റ് കൊടിയത്തൂർ പ്രദേശങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗബാധിത പ്രദേശങ്ങളിലെ വളർത്തു പക്ഷികളെ കൊന്ന് തീയിട്ടു നശിപ്പിച്ചു വന്ന പ്രതിരോധ പ്രക്രിയ ഇന്നലെ (മാർച്ച് 12) യോടെ പൂർത്തിയായി.  മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള ദ്രുത കർമ്മസേന ഇതു വരെ 7427 പക്ഷികളെ കൊന്നു.  രോഗവ്യാപനം ഫലപ്രദമായി ചെറുക്കുന്നതിൻ്റെ ഭാഗമായി പക്ഷിപ്പനി പ്രഭവസ്ഥലങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ്, ഓമനപ്പക്ഷികൾ തുടങ്ങിയവയെയാണ് കൊന്ന് തീയിട്ടു നശിപ്പിച്ചിരുന്നത്.  അവയുടെ മുട്ട, തീറ്റ തുടങ്ങിയ അനുബന്ധ സാമഗ്രികളും കത്തിച്ചിരുന്നു.  ദൗത്യത്തിൻ്റെ അവസാന ദിനമായ ഇന്നലെ (മാർച്ച് 12) 1351 പക്ഷികളെ കൊല്ലുകയും 1139 മുട്ടകളും 226.55 കിലോഗ്രാം തീറ്റയും നശിപ്പിക്കുകയും ചെയ്തു.  താഴമ്പാട്ട് താഴം, മാളിക്കടവ് ഭാഗങ്ങളിൽ തൂവലോടെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന കോഴികളെയും നശിപ്പിച്ചു.

പക്ഷിപ്പനിയുടെ  പ്രഭവസ്ഥാനത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള സൂക്ഷ്മനിരീക്ഷണ പ്രദേശത്ത് ഇന്നു ( മാർച്ച് 13 ) മുതൽ  മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം  അണുനശീകരണ പ്രവർത്തനങ്ങൾ നടത്തും.

രണ്ടാഴ്ച കൂടുമ്പോൾ പക്ഷിപ്പനി മേഖലയിലെ പക്ഷികളുടെ സാമ്പിൾ ലാബിലേക്ക് അയക്കും.  ആറ് സാമ്പിളുകൾ നെഗറ്റീവാണെങ്കിൽ പ്രദേശത്തെ പക്ഷിപ്പനി വിമുക്തമായി പ്രഖ്യാപിക്കും.

അണു നശീകരണ പ്രവർത്തനങ്ങളിൽ ദ്രുത കർമ്മ സേനയുമായി പൊതുജനങ്ങൾ  സഹകരിക്കണമെന്ന് ജില്ലാ കലക്ടർ സാംബശിവറാവു അഭ്യർത്ഥിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button