പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം മുങ്ങുന്ന സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്കെതിരെ നടപടി കടുപ്പിക്കുന്നു
പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം മുങ്ങുന്ന സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്കെതിരെ നടപടി കടുപ്പിക്കുന്നു. ജോലികള്‍ കൃത്യമായി ചെയ്യാത്തവര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. പഞ്ചിങ് കാര്യത്തില്‍ മേലുദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഉത്തരവിൽ പറയുന്നു.
പുതുവര്‍ഷത്തിലെ ആദ്യ പ്രവര്‍ത്തി ദിവസം തന്നെ സര്‍ക്കാര്‍ ഓഫീസുകള്‍ കളക്ടറേറ്റ്, വകുപ്പ് മേധാവികളുടെ ഓഫീസുകള്‍ ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം ഒരുക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ പദ്ധതി ആദ്യദിനം തന്നെ പാളി. ഒരു മാസത്തിനകം ബയോമെട്രിക് പഞ്ചിങ്ങ് സംവിധാനം ഒരുക്കണമെന്നായിരുന്നു പിന്നാലെ വന്ന നിര്‍ദ്ദേശം. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ പഞ്ചിങ് നിലവില്‍ വന്നത്.