പട്ടിക ജാതിക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതി സര്‍ക്കാര്‍ സമഗ്രമായി പരിഷ്‌കരിച്ചു
പട്ടികജാതിക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതി സര്‍ക്കാര്‍ സമഗ്രമായി പരിഷ്‌കരിച്ചു. ഇതുപ്രകാരം 15 വര്‍ഷത്തിനുശേഷം സര്‍ക്കാര്‍ അനുവദിച്ച ഭൂമി വില്‍ക്കാനും അത്യാവശ്യഘട്ടങ്ങളില്‍ പണയം വയ്ക്കാനും പട്ടികജാതിക്കാര്‍ക്ക് അനുമതിയായി. വാസയോഗ്യമല്ലാത്ത ഭൂമിയുള്ളവര്‍ക്കും പുതിയ ഭൂമി വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 34 വര്‍ഷത്തിനുശേഷമാണ് സമഗ്ര പരിഷ്‌കാരം നടപ്പാക്കുന്നത്.
ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങളെ പദ്ധതിയില്‍ പരിഗണിക്കും. നിലവില്‍ മൂന്ന് സെന്റില്‍ കൂടുതല്‍ ഭൂമിയുണ്ടെങ്കില്‍ പരിഗണിക്കില്ല. പലര്‍ക്കും ഭൂമിയുണ്ടെങ്കിലും പാറക്കെട്ടുകൾ നിറഞ്ഞതും കുടിവെള്ളം ലഭ്യമല്ലാത്തതുമാണ്. ഇങ്ങനെ വാസയോഗ്യമല്ലാത്ത ഭൂമിയുടെ അവകാശികള്‍ക്കും പദ്ധതിയില്‍ അപേക്ഷിക്കാന്‍ അനുവദിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്തില്‍ 3,75,000, മുന്‍സിപ്പാലിറ്റിയില്‍ 4,50,000 കോര്‍പ്പറേഷനില്‍ 6,00000 രൂപയും ഭൂമി വാങ്ങാന്‍ ധനസഹായം നല്‍കും. ഇങ്ങനെ ലഭിക്കുന്ന ഭൂമി 15 വര്‍ഷത്തേക്ക് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. 15 വര്‍ഷത്തിന് ശേഷം ഇതു വില്‍ക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഭൂമി വാങ്ങിയ ശേഷം ഗുരുതരമായ അസുഖം, പെണ്‍മക്കളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കായി ബാങ്കുകളില്‍ പണയപ്പെടുത്തി വായ്പയെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.